ശ്രീകണ്ഠപുരം: വ്യാപക അക്രമവും ബോംബേറും നടത്തി യു.ഡി.എഫുകാരായ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ചമ്പേരിയിലേക്ക്‌വരാന്‍ അനുവദിക്കാതെ ഏരുവേശി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം സി.പി.എം പിടിച്ചെടുത്തു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വന്‍ പൊലീസ് സംഘം ഉണ്ടായിട്ടും ഭരണസ്വാധീനം ഉപയോഗിച്ച് ഇവരെ നോക്ക് കുത്തിയാക്കിയാണ് ഭരണം പിടിച്ചെടുത്തത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്.രണ്ട് ജീപ്പുകള്‍ തകര്‍ക്കുകയും പഞ്ചായത്തംഗമടക്കം രണ്ട് പേരെ മാരകമായി മര്‍ദ്ദിക്കുകയും ചെയ്തു. രാത്രിയോടെ വന്‍ ആയുധങ്ങളുമായെത്തിയ പരിശീലനം ലഭിച്ച ഗുണ്ടകള്‍ അക്രമം വ്യാപിപ്പിക്കുകയായിരുന്നു. ചെമ്പേരിയിലെ മണിമല ബാബുവിന്റെ വീട് ക്രിമിനല്‍ സംഘം അക്രമിച്ചു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും തകര്‍ത്തു. രാവിലെ ക്രഷറിലേക്ക് ജോലിക്ക് പോവുന്ന പെരുമാറ്റിക്കുന്നേല്‍ ബൈജു എന്ന സുനിലി(41)നെ ബൈക്കില്‍ പിന്തുടര്‍ന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഒരു കാല്‍ തല്ലിയൊടിച്ചു. ഗുരുതര നിലയില്‍ ഇയാള്‍ മംഗലാപുരത്തെ ആസ്പത്രിയിലാണ്.
വെളളിയാഴ്ച രാത്രിയോടെ ചെമ്പേരിയിലേക്കുള്ള എല്ലാ റോഡുകളും സി.പി.എം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വാഹന ഗതാഗതത്തിന് അനുമതി നല്‍കിയില്ല. അടിയന്തര ആവശ്യത്തിന് പോകുന്നവരെപ്പോലും ഭീഷണിപ്പെടുത്തി. പലരോടും ഐഡന്റിറ്റി കാര്‍ഡിന് ആവശ്യപ്പെട്ടു. പള്ളിയിലേക്ക് പ്രാര്‍ത്ഥനക്ക് പോകുന്നവരെപ്പോലും വോട്ടര്‍മാരാണെന്ന് കരുതി സി.പി.എം ക്രിമിനല്‍ സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ചെമ്പേരിയിലെ വിവിധ ഭാഗങ്ങളില്‍ രാത്രി സമയത്ത് തന്നെ ബോംബ് സ്‌ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രാത്രി തന്നെ മുന്നൂറോളം സി.പി.എം വോട്ടര്‍മാര്‍ ക്യൂ നിന്ന ശേഷം ചെമ്പേരി യിലേക്ക് സി.പി.എം പ്രവര്‍ത്തകരെയല്ലാതെ മറ്റാരെയും കടത്തിവിട്ടില്ല. നിലവിലെ ബാങ്ക് പ്രസിഡന്റ് ജോസഫ് കൊട്ടുകാപള്ളി വോട്ട് ചെയ്‌തെങ്കിലും ഇറങ്ങിയ ഉടനെ ഏരുവേശി ലോക്കല്‍ സെക്രട്ടറി ദിലീപിന്റെ നേതൃത്വത്തില്‍ തെറിയഭിഷേകം നടത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇയാളെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോര്‍ജ് പാലകുഴിവേലി(58) യെയും സംഘം മാരകമായി മര്‍ദ്ദിച്ചു. പോളിംഗ് സമാധാനപരമാണെന്ന് വരുത്തിത്തീര്‍ത്ത് യു.ഡി.എഫുകാരായ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ചെമ്പേരിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന ഏരുവേശി ബാങ്ക് സി.പി.എം പിടിച്ചത്.
ഏഴായിരം ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തതില്‍ ആറായിരത്തി ഇരുന്നൂറും യു.ഡി.എഫ് വോട്ടര്‍മാരാണെന്നിരിക്കെ മറ്റൊരു എ.കെ.ജി ആസ്പത്രി മോഡല്‍ ഏരുവേശിയില്‍ സി.പി.എം നടപ്പാക്കുകയായിരുന്നു. ഏരിയ സെക്രട്ടറിയടക്കം മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു രണ്ട് ദിവസവും ചെമ്പേരിയില്‍ സി.പി.എം അഴിഞ്ഞാട്ടം നടത്തിയത്. വോട്ടര്‍മാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന കോടതി നിര്‍ദ്ദേശ പ്രകാരം നടക്കേണ്ട ബാങ്ക് തെരഞ്ഞെടുപ്പ് പൊലീസിനെ നോക്കുകുത്തിയാക്കി അട്ടിമറിച്ചു. അക്രമം നടത്തി വോട്ട് ചെയ്യാന്‍ അവസരം നിഷധിച്ചതിനെതിരെ യു.ഡി.എഫ് നിയമ നടപടിക്കൊരുങ്ങുകയാണ്. ശ്രീകണ്ഠപുരം, ആലക്കോട്, തളിപ്പറമ്പ് സി.ഐമാരുടെയും പയ്യാവൂര്‍, പഴയങ്ങാടി എസ്.ഐമാരുടെയും നേതൃത്വത്തില്‍ വന്‍ പൊലീസ് സേന നിലയുറപ്പിച്ചിട്ടും തലേ ദിവസം ആരംഭിച്ച അക്രമം നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.