X
    Categories: CultureNewsViews

സി.പി.എം നേതാക്കള്‍ക്ക് വട്ടിയൂര്‍ക്കാവ് വേണ്ട; ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആളില്ലാതെ സി.പി.എം

തിരുവനന്തപുരം: ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ തലസ്ഥാനത്തെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയെ കിട്ടാനില്ലാതെ സി.പി.എം. പാര്‍ട്ടി നേതൃത്വം പ്രാഥമികമായി പരിഗണിച്ചവരെല്ലാം മത്സരിക്കാനില്ലെന്ന് അറിയിച്ച് ഒഴിഞ്ഞുമാറുകയാണ്. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടാന്‍ തങ്ങളില്ലെന്ന നിലപാടില്‍ പ്രമുഖ നേതാക്കള്‍ ഉറച്ചുനില്‍ക്കുന്നതോടെ ഇവിടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രതിസന്ധിയിലായി.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സി.പി.എം വട്ടിയൂര്‍ക്കാവില്‍ തീരെ ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ പ്രാദേശിക നേതാക്കള്‍ പോലും സി.പി.എം സീറ്റ് വെച്ചുനീട്ടിയാലും വേണ്ടെന്ന നിലപാടിലാണ്. വട്ടിയൂര്‍ക്കാവ് എം.എല്‍.എയായിരുന്ന കെ. മുരളീധരന്‍ വടകരയില്‍ പി. ജയരാജനെ പരാജയപ്പെടുത്തി ലോക്‌സഭാംഗമായതിന്റെ അടുത്ത ദിവസം തന്നെ സി.പി.എം കേന്ദ്രങ്ങളില്‍ വട്ടിയൂര്‍ക്കാവ് ചര്‍ച്ചയായിരുന്നു. സി.പി.എമ്മിന്റെ പ്രമുഖ നേതാവും മുന്‍മന്ത്രിയുമായ എം. വിജയകുമാറിന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്.
നിലവില്‍ കെ.ടി.ഡി.സി ചെയര്‍മാനായ വിജയകുമാര്‍ മത്സരിക്കാനില്ലെന്ന നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. നേരത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച് പരാജയപ്പെട്ട ചെറിയാന്‍ ഫിലിപ്പും ടി.എന്‍ സീമയും സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം കെ. മുരളീധരന്‍ പോയ ഒഴിവില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനുള്ള ചര്‍ച്ചകള്‍ യു.ഡി.എഫില്‍ സജീവമാണ്. എന്നാല്‍ ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ഇടത് വോട്ടുകള്‍ പരമാവധി സ്വരൂപിക്കാന്‍ പോലും പ്രാപ്തനായ സ്ഥാനാര്‍ത്ഥി ഇല്ലെന്നതാണ് സി.പി.എമ്മിനെ കുഴയ്ക്കുന്നത്. തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിന്റെ പേരും പരിഗണിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പൊതുവെ യു.ഡി.എഫ് അനുകൂലമായ മണ്ഡലത്തില്‍ ശക്തമായ മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയില്ലെന്നത് സി.പി.എമ്മിന്റെ തലപുകയ്ക്കുന്നു.
ബി.ജെ.പിയാകട്ടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കുമ്മനം രാജശേഖരനെ ഇറക്കി വട്ടിയൂര്‍ക്കാവ് പിടിക്കാനാണ് ആലോചിക്കുന്നത്. കുമ്മനം ഇതിനോട് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കാന്‍ ബി.ജെ.പി കരുതിവെച്ചിരുന്ന ഒ. രാജഗോപാല്‍ ഇപ്പോള്‍ നേമം എം.എല്‍.എയാണ്. രാജഗോപാല്‍ കഴിഞ്ഞാല്‍ വിജയസാധ്യത കല്‍പിക്കുന്നത് കുമ്മനത്തിന് തന്നെയാണ്. എന്നാല്‍ കുമ്മനം മത്സരിക്കാനില്ലെന്നാണ് അറിയുന്നത്.
ആര്‍.എസ്.എസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കുമ്മനം രംഗത്തിറങ്ങിയാല്‍ പോലും യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടാനില്ല. സി.പി.എമ്മില്‍ ആര്‍ക്കും വട്ടിയൂര്‍ക്കാവ് വേണ്ടെന്നിരിക്കെ ജില്ലാതല നേതാക്കളിലാരെയെങ്കിലുമാകും മത്സരിക്കാന്‍ നിയോഗിക്കുക. നേമം മുന്‍ എം.എല്‍.എയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ വി. ശിവന്‍കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കി നല്ലൊരു മത്സരമെങ്കിലും കാഴ്ചവെക്കണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: