X
    Categories: Video Stories

ശബരിമലയും ശരീഅത്തും ഇടതുപക്ഷവും


അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ

ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ ശ്രദ്ധേയമാണ്. തന്ത്രി, പന്തളം കൊട്ടാരം, എന്‍.എസ്.എസ് തുടങ്ങിയവരെ പ്രതിനിധാനം ചെയ്ത അഭിഭാഷകന്‍മാര്‍ പൊതുവെ വിശ്വാസികള്‍ക്കുവേണ്ടിയും ആചാരങ്ങള്‍ നീതീകരിക്കുന്ന തരത്തിലും വാദിച്ചപ്പോള്‍ കേരള സര്‍ക്കാരും ദേവസ്വം ബോര്‍ഡും അതിനു വിരുദ്ധമായ തരത്തിലാണ് വാദമുഖങ്ങള്‍ അവതരിപ്പിച്ചത്. സുപ്രീംകോടതി ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നതിന് അനുവാദം നല്‍കുകയും നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ വിധി പുനപ്പരിശോധിക്കുന്നതിനും നടപ്പിലാക്കുന്നതില്‍ സാവകാശം തേടിയുമുള്ള ഹര്‍ജികള്‍ സുപ്രീം കോടതി മുമ്പാകെ വരികയുണ്ടായി. പ്രധാനപ്പെട്ട കക്ഷികള്‍ അവരവരുടെ വാദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ അന്തര്‍ലീനമായ സുപ്രധാന കാര്യം ഭരണഘടന അനുശാസിക്കുന്ന ലിംഗ സമത്വം മാത്രമാണെന്ന മട്ടിലാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്നോട്ടുപോയത്. ചരിത്രപരമായി പിന്നാക്കം പോയ അയിത്ത ജാതിക്കാര്‍ക്ക് അമ്പലങ്ങളില്‍ ആരാധനക്കുപോകാനുള്ള അവകാശങ്ങള്‍ക്കുവേണ്ടി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന പ്രക്ഷോഭങ്ങളെ ഇപ്പോഴത്തെ സ്ത്രീ പ്രവേശന നിയന്ത്രണങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. വാസ്തവത്തില്‍ രണ്ടും ഒരേ പോലെയാണോ? പ്രശ്‌നം ലിംഗ സമത്വത്തിന്റെ മാത്രമാണോ? ആര്‍ത്തവ കാരണങ്ങളാല്‍ മാത്രമാണോ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ടത് തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതാണ്. സമൂഹത്തിലെ നല്ലൊരു വിഭാഗം വിശ്വാസികളെ ബാധിക്കുന്ന വിഷയങ്ങളില്‍ തല്‍പരനായതുകൊണ്ടു മാത്രമാണ് അത്തരം കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായം പ്രകടിപ്പിക്കുന്നത്.
സുപ്രീംകോടതി വിധിയോട് വിയോജിച്ച ഏക വനിതാജഡ്ജായ ഇന്ദു മല്‍ഹോത്രയുടെ അഭിപ്രായങ്ങള്‍ ഭൂരിപക്ഷ വിധിയെ ആഘോഷിക്കുന്നവര്‍ പഠിക്കുന്നത് നല്ലതായിരിക്കും. പൊതുവെ ഹൈന്ദവ സംസ്‌കാരത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും പ്രമാണങ്ങള്‍ അടിസ്ഥാനപരമായി ഏകദൈവ വിശ്വാസമാണ്. മുപ്പത്തിമുക്കോടി ദൈവങ്ങളെക്കുറിച്ചും വ്യത്യസ്തമായ ആരാധനകളെക്കുറിച്ചും പ്രതിഷ്ഠകളിലെയും ആരാധനാരീതികളിലെയും വൈവിധ്യങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും അറിവുള്ളതാണ്. ക്ഷേത്രങ്ങളില്‍ വിവിധ പൂജകള്‍ ചെയ്യുന്ന വേളയില്‍ സമര്‍പ്പിക്കപ്പെടുന്ന ദ്രവ്യങ്ങളെല്ലാം വ്യത്യസ്തമാണ്. പ്രതിഷ്ഠകളെ ഏകീകരിക്കുകയോ ആരാധനാസമ്പ്രദായങ്ങള്‍ ഏക സ്വഭാവമുള്ളതാക്കിത്തീര്‍ക്കുകയോ ചെയ്യാവുന്നതല്ല. ആരാധനാക്രമങ്ങളിലും ആചാരങ്ങളിലും ഏകീകരണവും സാധ്യമല്ല. അത്തരം യാന്ത്രിക ചിന്തകള്‍ ഹൈന്ദവ ധര്‍മ്മത്തിന്റെ അടിത്തറതന്നെ ഇളക്കുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഭരണഘടനയുടെ വ്യാഖ്യാനങ്ങളിലൂടെയോ നിയമനിര്‍മ്മാണം വഴിയോ അത്തരമൊരുകാര്യത്തിനുമുതിരാന്‍ ആരും തയ്യാറാവുകയില്ല. ബഹുസ്വര രാഷ്ട്രത്തില്‍ ജനാധിപത്യ സമ്പ്രദായങ്ങളും പൗരാവകാശവും നിലനില്‍ക്കുന്ന കാലത്തോളം അത് സാധ്യമാകുകയില്ല. മനുഷ്യമനസ്സുകളെക്കുറിച്ചും അവന്റെ ആത്മദാഹങ്ങളെക്കുറിച്ചും അവനും ദൈവവുമായുള്ള ബന്ധങ്ങളെക്കുറിച്ചും ചെറിയ ധാരണയെങ്കിലും ഉള്ളവര്‍ ആ പാഴ്ശ്രമത്തിന് ഒരുമ്പെടുകയില്ല. ക്ഷേത്രാചാരങ്ങളില്‍ വളരെയേറെ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയെല്ലാം ഒരേ ദൈവത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ മാത്രമാണ്. അതുകൊണ്ടുതന്നെയാണ് അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചര്യം സ്വീകരിച്ച മൂര്‍ത്തിയായത്. വിവിധ ജാതി മത വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ വോട്ടുചെയ്ത് അധികാരത്തിലെത്തിച്ച സര്‍ക്കാരും ക്ഷേത്ര ഭരണത്തിനായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ദേവസ്വം ബോര്‍ഡും ലാഘവത്തോടെ ഇതിനെ കൈകാര്യം ചെയ്തുകൂടാ. ദൈവത്തിന്റെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്ന മൂര്‍ത്തികള്‍ക്ക് പെരുമാറ്റച്ചട്ടം നിശ്ചയിക്കാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ല. ഓരോ ആരാധനാമൂര്‍ത്തിയും എപ്രകാരമായിരിക്കണമെന്ന് നിശ്ചയിക്കാന്‍ അതത് മതസ്ഥരുടെ പ്രാമാണിക ഗ്രന്ഥങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നും കീഴ്‌വഴക്കങ്ങളില്‍നിന്നും മനസ്സിലാക്കണം. അവയെ ഒറ്റക്കല്ലില്‍ വാര്‍ത്തെടുക്കുന്നത് എങ്ങനെയാണ്? അത്തരം വിശ്വാസപരമായ പ്രത്യേകതകളെ അവഗണിക്കാന്‍ ദേവസ്വം ബോര്‍ഡിന് ആരാണ് അധികാരം കൊടുത്തത്? ഹൈന്ദവ മത പണ്ഡിതന്‍മാരും ആ സമൂഹത്തിന്റെ പരമോന്നതാചാര്യന്‍മാരും ഭക്തജനങ്ങളുടെ താല്‍പര്യവും മത രീതികളും അനുസരിച്ച് തീരുമാനിക്കപ്പെടേണ്ട കാര്യങ്ങളാണിവയെല്ലാം. മനുഷ്യജീവിതത്തിന്റെ ഭൗതികവശങ്ങള്‍ സംതൃപ്തമാക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുമുള്ള ചുമതലയാണ് ജനപ്രതിനിധികള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്. ആത്മീയ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് അവരല്ല. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്ന പണി മാത്രം അവര്‍ ചെയ്താല്‍ മതി. എല്ലാ ജാതിമതസ്ഥരുടെയും ആരാധന ഒരുപോലെയാക്കാനും അതുവഴി ആരാധനാരംഗത്ത് സമത്വ സുന്ദരമായ സോഷ്യലിസം സ്ഥാപിച്ചെടുക്കാനും ഭാവിയില്‍ ആരെങ്കിലും മുതിര്‍ന്നാല്‍ വിശ്വാസികള്‍ എന്തു ചെയ്യും? മുസ്‌ലിംകളുടെയും ക്രൈസ്തവരുടെയും പാഴ്‌സികളുടെയും ജൂതന്‍മാരുടെയും സിക്കുകാരുടെയും ഹിന്ദുക്കളുടെയും വ്യത്യസ്ത ആരാധനാരീതികള്‍ ഒരുപോലെയാക്കണമെന്ന് എന്നെങ്കിലും ആവശ്യപ്പെട്ടാല്‍ അതാണ് യഥാര്‍ത്ഥ സോഷ്യലിസമെന്ന് പറയേണ്ടിവരില്ലേ?
ശബരിമല സ്ത്രീ പ്രവേശനത്തിലുള്ള നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ടു സ്ത്രീകളുടെ ഒരു പ്രസ്ഥാനം കേരളത്തിലോ, ഇന്ത്യയിലോ സുപ്രീംകോടതി വിധിക്കുമുമ്പ് ഉയര്‍ന്നുവന്നതായി കണ്ടിട്ടില്ല. സുപ്രീംകോടതിയുടെ അനുകൂല വിധി വന്നിട്ടും പതിനായിരക്കണക്കിന് സ്ത്രീകള്‍ ശബരിമല ലക്ഷ്യമാക്കി ഇരച്ചുകയറിയിട്ടില്ല. ദശലക്ഷക്കണക്കിന് ഭക്തന്‍മാര്‍ ഇത്തവണയും ഇന്ത്യയുടെ നാനാഭാഗങ്ങളില്‍നിന്നും ശബരിമല സന്ദര്‍ശനം നടത്തി മടങ്ങിപ്പോയിട്ടും നിയന്ത്രിത പ്രായത്തിലുള്ള രണ്ടേ രണ്ടു മനുഷ്യസ്ത്രീകളാണ് ആരും കാണാതെ അവിടെയെത്തി മടങ്ങിയത്. രണ്ടു നിമിഷം പോലും അയ്യപ്പനെ ദര്‍ശിക്കാന്‍ ശ്രമിക്കാതെ അവര്‍ മടങ്ങിപ്പോരുകയും ചെയ്തു. ഒരു സര്‍ക്കാരിന്റെ മുഴുവന്‍ ശക്തിയും സ്ത്രീ പ്രവേശനത്തിനു വേണ്ടി ഒരുക്കിനിര്‍ത്തിയിട്ടും ഉന്നതരായ ഉദ്യോസ്ഥരുള്‍പ്പെടെ വന്‍തോതില്‍ പൊലീസ് സേന 24 മണിക്കൂറും കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരുന്നിട്ടും രണ്ടു പേരാണ് ശബരിമല ദര്‍ശനം നടത്തിയതെന്നാണ് ദേവസ്വം വകുപ്പ് മന്ത്രി നിയമസഭയില്‍ അറിയിച്ചത്. വിശ്വാസി സമൂഹത്തെ അഭിമുഖീകരിക്കാനാകാതെ വകുപ്പ് മന്ത്രിയും ദേവസ്വം ബോര്‍ഡും ഇടക്കിടെ ചാഞ്ചാട്ടം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി കണ്ണുരുട്ടുമ്പോള്‍ ഇടത്തോട്ടും അല്ലാത്തപ്പോള്‍ ഏറെക്കുറെ വലത്തോട്ടും ചാഞ്ഞുനിന്നിരുന്ന അവര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട് വിശ്വാസികള്‍ക്ക് അനുകൂലമായിരുന്നില്ല.
നിരീശ്വര നിര്‍മ്മിത പ്രസ്ഥാനങ്ങളും വിശ്വാസത്തെ വികലമാക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ കേരളത്തില്‍ കത്തിനിന്ന കാലമാണ് കഴിഞ്ഞുപോയത്. അതിനിടയില്‍ പരിക്കേല്‍ക്കാതെ, കഷ്ടപ്പാടുകള്‍ സഹിച്ച്, എല്ലാ ഭീഷണികളെയും അതിജീവിച്ച്, പൊലീസിന്റെ കര്‍ശന പരിശോധനകളെ മറികടന്ന്, അസൗകര്യങ്ങളുടെ യാതനകള്‍ പൂര്‍ണ്ണമായും അവഗണിച്ച് ദര്‍ശനം നടത്തിയ അനേക ലക്ഷം യഥാര്‍ത്ഥ വിശ്വാസികളെയാണ് വാസ്തവത്തില്‍ അഭിനന്ദിക്കേണ്ടത്. കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും കവര്‍ച്ചകളും അന്വേഷിക്കുന്നതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും പൊലീസ് കാണിക്കാറുള്ള ഉദാസീനത ശബരിമലയില്‍ കണ്ടില്ല. വിശ്വാസികളെ ബുദ്ധിമുട്ടിക്കുന്നതില്‍ യാതൊരു വിമുഖതയും അവര്‍ കാണിച്ചതേയില്ല.
ഇസ്‌ലാമിക ശരിഅത്തില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് 1986 ല്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. അതില്‍ അസംതൃപ്തരായ മുസ്‌ലിംകള്‍ പ്രക്ഷോഭസമരങ്ങളില്‍ ഏര്‍പ്പെടുകയും കോടതിയെ സമീപിക്കുകയും സര്‍ക്കാരിനുമുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തത് മറന്നിട്ടില്ല. കേന്ദ്ര ഗവണ്‍മെന്റും പ്രധാനമന്ത്രി രാജീവ്ഗാന്ധിയും ആ വിധി മറികടക്കുന്നതിനായി തൃപ്തികരമായ ഒരു നിയമംതന്നെ അന്ന് നിര്‍മ്മിക്കുകയുണ്ടായി. അന്നും ഇടതുപക്ഷം ഇസ്‌ലാമിക ശരിഅത്ത് ഭേദഗതി ചെയ്യണമെന്നും അത് പ്രാകൃതമാണെന്നും വാദിച്ചു. പരസ്യമായ വിദ്വേഷ പ്രകടനങ്ങളും ശരിഅത്ത് വിരുദ്ധജാഥകളും അന്ന് പതിവായിരുന്നു. ഇപ്പോഴും ഏക സിവില്‍കോഡ് നടപ്പിലാക്കണെമന്ന് ആവശ്യപ്പെടുന്നവരുടെ പക്ഷത്താണ് ഇടതുപക്ഷം. അടുത്ത കാലത്ത് ക്രൈസ്തവ സമൂഹത്തിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായി. കുര്‍ബാനതന്നെ അവസാനിപ്പിക്കണെമന്ന് ആവശ്യപ്പെട്ടവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇത്തരം വിഷയങ്ങളില്‍ ഇടപെട്ട് വിശ്വാസികളുടെ ഹൃദയത്തില്‍ മുറിവേല്‍പിച്ച ഭരണാധികാരികള്‍ പിന്നീട് വിവിധ രാഷ്ട്രങ്ങളില്‍ അധികാരഭ്രഷ്ടരായി. അടച്ചുപൂട്ടിയ എത്രയോ ആരാധനാലയങ്ങള്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ പിന്നീട് വന്ന ഭരണാധികാരികള്‍ തുറന്നുകൊടുക്കുകയാണ് ചെയ്തത്. ആ രാജ്യങ്ങളില്‍ സമാധാനപരമല്ലാത്ത ഒരു പ്രവര്‍ത്തനങ്ങളും വിശ്വാസികളുടെ പക്ഷത്ത്‌നിന്ന് പിന്നീട് ഉണ്ടായിട്ടില്ല. ഇപ്പോഴും നിരീശ്വര പ്രസ്ഥാനമായ കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന ഉത്തര കൊറിയയിലും ചൈനയിലും മതവിശ്വാസികള്‍ പീഢിപ്പിക്കപ്പെടുന്നു. ലോകത്തിലെ 700 കോടിയോളം വരുന്ന ജനങ്ങളില്‍ മഹാഭൂരിപക്ഷവും ക്രൈസ്തവരും മുസ്‌ലിംകളും ഹിന്ദുക്കളും ബുദ്ധമതക്കാരും പാഴ്‌സി മതസ്ഥരും ജൂതന്‍മാരും ഒക്കെയാണ്. നാമമാത്രമായ ശതമാനം മാത്രമേ ലോകത്ത് ഈശ്വര നിഷേധികളായി നിലകൊള്ളുന്നുള്ളൂ.
രാഷ്ട്രീയ കക്ഷികളുടെ കാര്യം പരിശോധിച്ചാലും വ്യത്യസ്തമായ സംഘടനാരീതികളും രാഷ്ട്രീയപ്രമാണങ്ങളും പ്രവര്‍ത്തനശൈലികളും നിലപാടുകളും കാണാം. അവയെല്ലാം ഒരേ പോലെയാക്കാന്‍ ആര്‍ക്കും സാധ്യമല്ല. ജനങ്ങളെ വ്യത്യസ്തരായി സൃഷ്ടിച്ച ദൈവം വൈവിധ്യങ്ങളെ അറിയുന്നവനാണ്. ആ വൈവിധ്യങ്ങളാണ് പ്രകൃതിയുടെയും മനുഷ്യ സമൂഹത്തിന്റെയും സൗന്ദര്യം. നന്മതിന്മകള്‍ വേര്‍തിരിച്ചു കണ്ട് അവയില്‍ നിന്ന് നല്ലതു സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ മനുഷ്യരെയും ഒരു പോലെ തന്നെ സൃഷ്ടിക്കാമായിരുന്നല്ലോ? എല്ലാവരെയും വിശ്വാസത്തിന്റെ പാതയിലേക്ക് തന്നെ നയിക്കാമായിരുന്നല്ലോ? പാര്‍ട്ടികളിലും ചില ആചാരങ്ങള്‍ കാണാം. ശബരിമല സന്നിധാനത്തില്‍ വനിതാപ്രവേശന നിയന്ത്രണം നീക്കി എല്ലാവര്‍ക്കും കയറാന്‍ അനുവാദം നല്‍കണമെന്ന് വാദിക്കുന്ന സി.പി.എം അതേ സ്വാതന്ത്ര്യം പാര്‍ട്ടി ഓഫീസുകളില്‍ അനുവദിക്കുന്നുണ്ടോ? പൊലീസ് ഓഫീസര്‍മാര്‍ക്കുപോലും ഭരണഘടനയും നിയമവും അനുശാസിക്കുംപ്രകാരം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫീസുകളില്‍ കയറാന്‍ ഇവര്‍ അനുവദിക്കാറുണ്ടോ? പുതിയ കോടതിവിധിയോ നിയമനിര്‍മ്മാണമോ ഒന്നും കൂടാതെ തന്നെ കുറ്റവാളികളെ അന്വേഷിച്ച് ഏതു പാര്‍ട്ടി ഓഫീസുകളിലും പ്രവേശിച്ചു കൂടെ? എങ്കിലും അവര്‍ അവരുടെ പാര്‍ട്ടി ഓഫീസുകളില്‍ ഉയര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കു പോലും പ്രവേശനത്തില്‍ നിയന്ത്രണം ഇല്ലേ? നിയമാനുസൃതം പ്രവേശിച്ചവരെ ശിക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. നാട്ടിലാകെ രക്തസാക്ഷികള്‍ക്ക് മണ്ഡപങ്ങള്‍ പണിയുന്നു. അത്തരം മണ്ഡപങ്ങള്‍ക്ക്മുമ്പില്‍ സഖാക്കള്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ആലപ്പുഴ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിട്ടാണ് പാര്‍ട്ടി മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യാറുള്ളത്. അതില്‍ ഒരു മാനസിക സംതൃപ്തിയും സുഖവും സന്തോഷവും അവര്‍ അനുഭവിക്കുന്നു. ഈ ആചാരങ്ങള്‍ തുടരുന്നതില്‍ ഒരുവിധ എതിര്‍പ്പും ആരും ഇതുവരെ പ്രകടിപ്പിച്ചതായി അറിവില്ല. മരിച്ചു കിടക്കുന്ന സഖാക്കളുടെ മൃതദേഹം സന്ദര്‍ശിക്കുന്ന വേളയില്‍ മുഷ്ടി ചുരുട്ടുന്നു. സമ്മേളനങ്ങളുടെ തുടക്കത്തില്‍ രക്തസാക്ഷി-പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നു. ഭരണഘടനയും നിയമങ്ങളും എന്തായിരുന്നാലും ഇവയെല്ലാം അഭംഗുരം അവര്‍ തുടര്‍ന്നുകൊള്ളട്ടെ. സ്വമേധയാ ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ ഉപേക്ഷിക്കാന്‍ ആ പാര്‍ട്ടി തീരുമാനിക്കുന്നതു വരെ. ഇതെല്ലാം മാര്‍ക്‌സ് പറഞ്ഞതോ മറ്റു പ്രാമാണിക പ്രത്യയശാസ്ത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുകയോ ചെയ്തവയല്ല. താലികെട്ടും പുടവകൊടയും കുരവയിടലും കുട്ടികള്‍ക്ക് നൂലുകെട്ടും എഴുത്തിനിരുത്തലും സന്ധ്യാവന്ദനവും നമസ്‌കാരവും നോമ്പും പ്രാര്‍ത്ഥനയും പെരുന്നാളും ക്രിസ്തുമസും ശ്രീകൃഷ്ണ ജയന്തിയും മഹര്‍ഷിവര്യന്‍മാരെ ബഹുമാനിക്കലുമൊക്കെ അടുത്തകാലത്തായി ഇടതുപക്ഷ പാര്‍ട്ടികള്‍ വേണ്ടത്ര സജീവമാക്കിയിട്ടുണ്ട്. വിശ്വാസികള്‍ക്കുമാത്രമായി ഒരു രാഷ്ട്രീയ കക്ഷി ഇല്ലെന്നാണ് തോന്നുന്നത്. രാഷ്ട്രീയ കക്ഷികളുടെ ഭരണഘടനയില്‍ വിശ്വാസികള്‍ക്കുമാത്രമെ അംഗത്വം നല്‍കുകയുള്ളൂ എന്ന് എഴുതപ്പെട്ടിട്ടില്ല. വിശ്വാസികള്‍ക്ക് മഹാഭൂരിപക്ഷമുള്ള കക്ഷികളിലും അവിശ്വാസികളെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. പക്ഷേ അവിശ്വാസികള്‍ക്കുമാത്രമായി രൂപീകരിക്കപ്പെട്ട ഒരു പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. മാര്‍ക്‌സിസ്റ്റ് ആചാര്യന്‍മാര്‍ ഈശ്വരനെ പൂര്‍ണ്ണമായും നിരാകരിച്ചിട്ടുണ്ട്. വൈരുധ്യാധിഷ്ഠിത ഭൗതികവാദം ഈ ഗോചരപ്രപഞ്ചത്തിനതീതമായി ഒരു ശക്തിയെയും പരോക്ഷമായിപ്പോലും മാര്‍ക്‌സിസം അംഗീകരിക്കുന്നില്ല എന്ന് തുറന്നെഴുതിയിട്ടുണ്ട്. ചരിത്രപരമായ ഭൗതികവാദം മനുഷ്യരും പ്രപഞ്ചവും മറ്റും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതല്ല എന്ന് ആണയിട്ടു പറയുന്നു. ലോകത്ത് വിശ്വാസികള്‍ക്കു മാത്രമായി ഒരു പാര്‍ട്ടിയില്ലെങ്കിലും അവിശ്വാസികള്‍ക്കു മാത്രമായി ഒരേ ഒരു പാര്‍ട്ടിയുണ്ട്, അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അവരില്‍ നിന്ന് മതവിശ്വാസികള്‍ ഇതിലപ്പുറം എന്താണ് പ്രതീക്ഷിക്കേണ്ടത്?

ചന്ദ്രിക വെബ് ഡെസ്‌ക്‌: