ഇ.പി ജയരാജനേയും ആരോഗ്യ മന്ത്രിയേയും വിമര്‍ശിച്ച് സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനം. ആലപ്പുഴയില്‍ വിഭാഗീയതകള്‍ വ്യക്തികേന്ദ്രികൃതമാണെന്നും വോട്ട് ചോര്‍ച്ച കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം.
പി.പി. ദിവ്യയുടെ നാവ് പിഴയില്‍ ദ്രുതഗതിയില്‍ നടപടിയെടുത്ത പാര്‍ട്ടി എന്തു കൊണ്ട് ബിജെപി നേതാവ് ജാവദേക്കര്‍ക്ക് ചായ സല്‍ക്കാരം നടത്തിയ കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല എന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. റോഡില്‍ സ്റ്റേജ് കെട്ടിയതും തുടര്‍ന്ന് ഉണ്ടായ വിവാദ പ്രസ്താവനകളും തിരിച്ചടിയുണ്ടാക്കി. എന്നാല്‍ അതിലും നടപടിയൊന്നും ഉണ്ടാകാത്തതിലും വിമര്‍ശനം ഉണ്ടായി.
പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് പ്രതിഛായ ഭയമാണെന്നും സര്‍ക്കാരിനും പാര്‍ട്ടിക്കും പ്രതിസന്ധിയുണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ ഇറങ്ങുന്നില്ലെന്നും പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. ആലപ്പുഴയിലെ നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉണ്ടായി, വോട്ടു ചോര്‍ച്ച തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും ജില്ലയില്‍ സംഘടനാപരമായ ദൗര്‍ബല്യവും ജാഗ്രതക്കുറവും ഇതിന് കാരണമായി.
ജില്ലയില്‍ ചിലയിടങ്ങളില്‍ വ്യക്തി കേന്ദ്രീകൃതമായ വിഭാഗീയ തുരുത്തുകള്‍ ഇപ്പോഴും ഉണ്ട്.ആരോഗ്യ വകുപ്പിനെതിരെ പരാതികള്‍ പെരുകുമ്പോഴും പരിഹാരങ്ങള്‍ക്ക് ആരോഗ്യ മന്ത്രി കാര്യമായി ഇടപെടാത്തത് ജനങ്ങള്‍ക്ക് ഇടയില്‍ അവമതിപ്പ് ഉണ്ടാക്കുന്നുതായും വിമര്‍ശനം ഉയര്‍ന്നു. അതേസമയം മുഖ്യമന്ത്രിയെയും സജി ചെറിയാനെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ വാനോളം പുകഴ്ത്തി. മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യം വച്ചുള്ള നീക്കങ്ങളെ പ്രതിരോധിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു.
കുട്ടനാട്ടില്‍ ഇപ്പോഴും വികസനം പ്രതിസന്ധിയിലാണ് കുടിവെള്ളം പോലും ലഭ്യമല്ല മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്തത് 15 പേരാണ് പങ്കെടുത്തത്. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ചര്‍ച്ചകള്‍ പുരോഗമിക്കും.