X

അന്‍വറിനെ തള്ളി സി.പി.എം; പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്

സ്വന്തം ലേഖകന്‍
മലപ്പുറം:സി.പി.ഐ പി.വി അന്‍വര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ അന്‍വറിനോട് പരസ്യ പ്രസ്താവന നിര്‍ത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി. അന്‍വര്‍ സി.പി.ഐ പോര് മുന്നണി ബന്ധങ്ങളെപ്പോലും ബാധിക്കുന്ന തരത്തില്‍ വളര്‍ന്നതോടെയാണ് സി.പി.എം അന്‍വറിനെ തള്ളി രംഗത്തുവന്നത്.
സി.പി.ഐക്കെതിരായ പി.വി അന്‍വറിന്റെ പ്രസ്താവന മുന്നണി മര്യാദ ലംഘിക്കുന്നതാണെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു. ഇത്തരം പ്രസ്താവനകളോട് സി.പി.എമ്മിന് യോജിപ്പില്ല. മേലില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന് അന്‍വറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോഹന്‍ദാസ് മലപ്പുറത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും വയനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി.പി സുനീറിനെതിരെ വിവാദ പ്രസ്താവന നടത്തിയ അന്‍വറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. മലപ്പുറത്തും പൊന്നാനിയിലും എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ അന്‍വറിനെതിരെ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു.
സി.പി.എമ്മിന്റെ മൗനാനുവാദത്തോടെയാണ് അന്‍വറിന്റെ പ്രതികരണങ്ങളെന്ന് സി.പി.ഐ ആരോപിച്ചിരുന്നു. അന്‍വറിനെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി തന്നെ വാര്‍ത്താസമ്മേളനം നടത്തി. സി.പി.ഐ പി.വി അന്‍വര്‍ പോര് തെരുവ് യുദ്ധമായതോടെയാണ് സി.പി.എം ഇടപെട്ടത്.
സി.പി.ഐ സംസ്ഥാന കമ്മിറ്റി സി.പി.എം സംസ്ഥാന സെക്രട്ടറിയോട് പരാതി ഉന്നയിച്ചിരുന്നു എന്നാണ് സൂചന. അന്‍വര്‍ ഇനിയും സി.പി.ഐക്കെതിരെ തിരിഞ്ഞാല്‍ ഗുരുതര പ്രത്യഘാതം ഏല്‍ക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് സി.പി.ഐ നല്‍കിയെന്നും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി അന്‍വറിനെ താക്കീത് ചെയ്തത്. 2011ല്‍ ഏറനാട്ടില്‍ നിന്ന് തുടക്കമിട്ട സി.പി.ഐ പി.വി അന്‍വര്‍ പോര് പൊന്നാനിയില്‍ അന്‍വര്‍ സ്ഥാനാര്‍ഥിയായതോടെ വീണ്ടും സജീവമായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ അന്‍വര്‍ വെടിപൊട്ടിച്ചു. സി.പി.ഐ സഹായിച്ചില്ലെന്നും ദ്രോഹിച്ചെന്നും മുസ്്‌ലിംലീഗിനോടാണ് സി.പി.ഐക്ക് താല്‍പര്യമെന്നുമടക്കം രൂക്ഷമായ ഭാഷയിലാണ് അന്‍വര്‍ സിപിഐക്കെതിരെ പ്രസ്താവനയിറക്കിയത്. ഇതിനെതിരെ സി.പി.ഐയും രംഗത്തുവന്നതോടെ രംഗം വഷളായി.
അന്‍വറിനെ നിയന്ത്രിക്കാത്ത സി.പി.എം നിലപാടും ചര്‍ച്ചയായതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് പേടിയിലാണ് അവസാനം സി.പി.എം തന്നെ അന്‍വറിന് മൂക്കുകയറുമായി വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സി.പി.ഐയെ ആവര്‍ത്തിച്ചു വിമര്‍ശിക്കുകയായിരുന്നു എം.എല്‍.എ കൂടിയായ പി.വി അന്‍വര്‍. മുന്നണി മര്യാദകളെ ബാധിക്കുന്ന വിധം അന്‍വറിന്റെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും അതിരു കടക്കുകയും ചെയ്തതോടെ സി.പി.എം പ്രതിരോധത്തിലായിരുന്നു.

chandrika: