കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങള്‍. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്നു’ -എന്ന കുറിപ്പിലെ പരാമര്‍ശമാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്.
ഏഴാം നൂറ്റാണ്ടിലാണ് പ്രവാചകന്‍ മുഹമ്മദ് നബി ഇസ്‌ലാമിക പ്രബോധനം നടത്തിയത്. ഗെയില്‍ വിരുദ്ധ സമരത്തിനു പിന്നില്‍ മലപ്പുറം ജില്ലയില്‍ നിന്ന് വന്ന എന്‍.ഡി.എഫുകാരാണെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് അനാവശ്യമായി ഏഴാം നൂറ്റാണ്ടിനെ പരാമര്‍ശിച്ചിരിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പ്രതികരിച്ചിട്ടുണ്ട്.
ഗെയ്ല്‍ വിരുദ്ധ സമരത്തിന്റെ മറവില്‍ മുക്കത്തും തിരുവമ്പാടി മേഖലകളിലും സംഘര്‍ഷം പടര്‍ത്താന്‍ തീവ്രവാദസംഘടനകള്‍ ശ്രമിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. സമരപ്രദേശത്ത് സംഘര്‍ഷം ഉണ്ടായ സാഹചര്യത്തില്‍ ഇടപെട്ട യുഡിഎഫ്-ലീഗ് നേതാക്കളേയും അവര്‍ വിമര്‍ശിക്കുന്നുണ്ട്. ‘പദ്ധതിക്കെതിരേ മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിധരിപ്പിച്ചു സംഘര്‍ഷമുണ്ടാക്കിയത് മലപ്പുറത്ത് നിന്നെത്തിയ എസ്.ഡി.പി.ഐ, പോപുലര്‍ ഫ്രണ്ട്, സോളിഡാരിറ്റി തീവ്രവാദ സംഘങ്ങളാണ്. ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദി സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിനു പകരം യു.ഡി.എഫും ലീഗ്‌കോണ്‍ഗ്രസ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പോലിസ് സ്‌റ്റേഷന്‍ ഉപരോധിക്കാനെത്തിയത് ഗൗരവമായ പ്രശ്‌നമായി മതനിരപേക്ഷ ശക്തികള്‍ കാണണം’. -കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി ഗെയ്ല്‍ വിരുദ്ധസമരം സംഘര്‍ഷത്തിലെത്തിയിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ഇന്ന് രാവിലെ പ്രദേശം സന്ദര്‍ശിച്ചു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. പി.കെ.ബഷീര്‍ എം.എല്‍.എ, എം.ഐ.ഷാനവാസ് എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു. സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍, മുക്കത്തെ ഗെയില്‍ സമരം ഏറ്റെടുക്കേണ്ടി വരുമെന്ന് വി.എം സുധീരന്‍ വ്യക്തമാക്കി.