X
    Categories: Views

കയ്യേറ്റം ഒഴിപ്പിക്കാതെ സി.പി.എം ദത്തെടുക്കുന്നു ,ആദിവാസി മേഖലകളില്‍ പൊലീസ് രാജെന്ന് ഗോത്രമഹാസഭ

 

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ പൊലീസ് രാജ് നടപ്പിലാക്കുകയാണെന്ന് ഗോത്രമഹാസഭ. പട്ടികവര്‍ഗവകുപ്പിന്റെ പദ്ധതി നടത്തിപ്പില്‍ പൊലിസ് ഇടപെടുകയാണെന്നും ആദിവാസി ഊരുകളില്‍ പൊലീസ് നേരിട്ട് യോഗം വിളിക്കുന്ന സ്ഥിതിയാണെന്നും ഗോത്രമഹാസഭ കോ- ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഊരുകളില്‍ ഇപ്പോള്‍ നടക്കുന്നത് പൊലീസുവല്‍ക്കരണമാണ്. പൊലീസ് അദാലത്തുകള്‍ വരെ നടത്തുന്നു. വനമേഖലയില്‍ നിന്ന് ആദിവാസികളെ ക്രമേണ കുടിയിറക്കുന്നതാണ് സര്‍ക്കാര്‍ പദ്ധതി. ആദിവാസികള്‍ക്ക് വനാവകാശം അനുസരിച്ച് കൈവശരേഖ നല്‍കിയ ഭൂമി ഇടുക്കിയിലടക്കം കയ്യേറ്റക്കരുടെ കൈയിലാണ്. ഇടുക്കി ജില്ലയിലെ 3000ഓളം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഒരു മാസത്തിലേറെയായി ആദിവാസികള്‍ കലക്ടറേറ്റ് പടിക്കല്‍ സമരത്തിലാണ്. കയ്യേറ്റം ഒഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കലക്ടര്‍ ആദിവാസികളെ ചര്‍ച്ചക്കുപോലും വിളിച്ചിട്ടില്ല.
ഊരുകള്‍ സ്വകാര്യ ബാങ്കുകളുടെയും കൊള്ളപ്പലിശക്കാരുടെയും േൈമക്രാ ഫൈനാന്‍സ് വായ്പാ സംഘങ്ങളുടെയും പിടിയിലാണ്. കടക്കെണിയിലാക്കി ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. വനത്തില്‍ നിന്നും ആദിവാസികളെ കുടിയിറക്കുന്നതിനെ പ്രതിരോധിക്കുന്നതിന് പകരം സി.പിഎം പോലുള്ള പാര്‍ട്ടികള്‍ കുടിയിറക്കപ്പെടുന്നവരെ ദത്തെടുക്കുന്ന പദ്ധതിയാണ് തയാറാക്കുന്നത്. ആദിവാസി ഗ്രാമസഭാ നിയമം (പെസ) അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് നില്‍പ്പുസമരം നടത്താനാണ് ചൊവ്വാഴ്ച രാവിലെ ആദിവാസികള്‍ രാജ്ഭവന് മുന്നിലെത്തിയത്. എന്നാല്‍ സമരം തുടങ്ങുന്നതിന് മുമ്പ് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സമരനേതാക്കളെ വിളിപ്പിച്ചു. ആദിവാസികളുടെ ആവശ്യങ്ങള്‍ വിശദമായി രേഖപ്പെടുത്തിയ കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്തെ ആദിവാസികളുടെ ദുരിതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെടുന്നുണ്ടെന്നും ആവശ്യങ്ങളില്‍ നീതിപൂര്‍വമായ പരിഹാരമുണ്ടാക്കുമെന്നും ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായും ഗീതാനന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഗോത്രമഹാസഭ നേതാക്കളായ കുഞ്ഞമ്മ മൈക്കിള്‍, സുരേഷ് കക്കോട്, ബിനു മടവൂര്‍ തുടങ്ങിയവരും പങ്കെടുത്തു.

chandrika: