ഹൈദരാബാദ്: കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സി.പി.എമ്മില്‍ ഭിന്നത രൂക്ഷം. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കേന്ദ്ര കമ്മിറ്റിയും പിബിയും പുനഃസംഘടിപ്പിക്കാന്‍ കാരാട്ട് പക്ഷം വിസമ്മതിച്ചതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായത്. ഇതോടെ പുതിയ ജനറല്‍ സെക്രട്ടറിയായി വീണ്ടും യെച്ചൂരി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടില്ല വിലയിരുത്തല്‍.
അതേസമയം തെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന നിലപാട് യെച്ചൂരി സ്വീകരിച്ചതായാണ് സൂചന.ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ രഹസ്യ വോട്ടെടുപ്പിനാവും നടക്കുക
നിലവിലെ പിബിയിലും കേന്ദ്ര കമ്മിറ്റിയിലും മാറ്റം വരണമെന്നാണ് യെച്ചൂരിയും ബംഗാള്‍ ഘടകവും ആവശ്യപ്പെടുന്നത്. കേന്ദ്ര കമ്മറ്റിയില്‍ എത്തിയവരെ മാറ്റി പുതിയവരെ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, കേന്ദ്ര കമ്മിറ്റിയില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് കാരാട്ട് പക്ഷത്തിനും കേരളഘടകത്തിനും. പല സംസ്ഥാനങ്ങളിലും ജനറല്‍ സെക്രട്ടറിമാര്‍ മാറിയതിനാല്‍ കേന്ദ്ര കമ്മിറ്റിയില്‍ മാറ്റം വേണമെന്നാണ് യെച്ചൂരിയുള്‍പ്പടെയുളളവരുടെ ആവശ്യം. അതിനിടെ, എസ്.രാമചന്ദ്രന്‍ പിള്ളക്ക് പ്രായത്തിന്റെ ഇളവ് നല്‍കി തുടരാന്‍ അനുവദിക്കണമെന്ന് കാരാട്ട് പക്ഷവും വാദിച്ചു.
പിബിയിലും കേന്ദ്രകമ്മിറ്റിയിലും പുതുമുഖങ്ങള്‍ വരുന്നത് ഇരുസമിതികളിലും തങ്ങള്‍ക്ക് ഇപ്പോഴുള്ള ഭൂരിപക്ഷത്തെ ബാധിക്കാമെന്നാണു കാരാട്ട്പക്ഷത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര കമ്മിറ്റിയിലെയും പിബിയിലെയും ഭൂരിപക്ഷം ഉപയോഗിച്ച് ജനറല്‍ സെക്രട്ടറി എന്ന രീതിയില്‍ തന്നെ പ്രവര്‍ത്തിക്കാനോ തന്റെ നയങ്ങള്‍ നടപ്പിലാക്കാനോ പാര്‍ട്ടി അനുവദിക്കുന്നില്ലെന്ന് യെച്ചൂരി നേരത്തെ പരാതിപ്പെട്ടിരുന്നു. ആയതിനാല്‍ ഭൂരിപക്ഷം പഴയ രീതിയില്‍ തുടര്‍ന്നാല്‍ തനിക്കു പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകുക എളുപ്പമല്ലെന്നാണു യച്ചൂരിയുടെ വിലയിരുത്തല്‍. അതിനാല്‍, പിബിയിലും സിസിയിലും സമഗ്രമായ അഴിച്ചുപണിയാണ് യെച്ചൂരി ലക്ഷ്യം വെക്കുന്നത്.