X

വാള്‍ ഉറയിലിട്ട് യെച്ചൂരി മടങ്ങി; പരിക്കു പറ്റാതെ ഹാപ്പിയായി നേതാക്കള്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മില്‍ വിവാദങ്ങള്‍ പുകഞ്ഞു കത്തുന്നതിനിടെ നാലുദിവസം നീണ്ടുനിന്ന നേതൃയോഗങ്ങള്‍ ആര്‍ക്കും പരിക്കുകളില്ലാതെ പൂര്‍ത്തിയാക്കി. കേരളത്തില്‍ മന്ത്രിമാര്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ കൊലക്കേസിലും അഴിമതിക്കേസിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിനിടെയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംഘവും തിരുവനന്തപുരത്ത് എത്തിയത്. വ്യാഴാഴ്ച പോളിറ്റ്ബ്യൂറോ യോഗവും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കേന്ദ്രക്കമ്മിറ്റിയും പൂര്‍ത്തിയാക്കി നേതാക്കള്‍ മടങ്ങുമ്പോള്‍ നടപടിപ്പേടി മൂലം ഉറക്കം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വസിക്കാം. ആര്‍ക്കും പരിക്കില്ല.
പി.ബിയും സി.സിയും തിരുവനന്തപുരത്ത് ചേരുന്നു എന്നറിഞ്ഞതു മുതല്‍ വാര്‍ത്തകളില്‍ ഇടംനേടിയ നേതാക്കള്‍ എല്ലാവരും ഇന്നലെ വൈകിട്ടോടെ ഹാപ്പിയായി. വി.എസ് അച്യുതാനന്ദന്‍, ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, എം.എം മണി, ജെ. മെഴ്‌സിക്കുട്ടിയമ്മ എന്നിവരിലായിരുന്നു എല്ലാവരുടെയും കണ്ണ്. ആര്‍ക്കും ഒന്നും സംഭവിച്ചില്ല. വി.എസ് കുറച്ചുകൂടി പാര്‍ട്ടിക്ക് ‘വിധേയനായി’ എന്നുമാത്രം.
2013ല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് ഓങ്ങിനിര്‍ത്തിയ അച്ചടക്കത്തിന്റെ വാള്‍ വി.എസിന്റെ മേല്‍ പതിച്ചതുമില്ല. പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള നടപടി ഇലയ്ക്കും മുള്ളിനും കേടില്ലാതെ യെച്ചൂരിയുടെ തന്ത്രത്താല്‍ പരിഹരിക്കപ്പെട്ടു. വി.എസിന് താക്കീത് മാത്രം. വി.എസും സംതൃപ്തന്‍. പതിവില്‍ നിന്ന് വ്യത്യസ്തമായി ‘താക്കീത് പാര്‍ട്ടി നടപടികളുടെ ഭാഗം’ എന്ന് പ്രതികരിക്കാനും അദ്ദേഹം തയാറായി.
ശൈത്യകാലത്ത് ഡല്‍ഹിക്ക് പുറത്താണ് കേന്ദ്രനേതൃ യോഗങ്ങള്‍ ചേരുന്നതെങ്കിലും ഇതാദ്യമായാണ് കേരള തലസ്ഥാനം യോഗവേദിയായത്. ആര്‍ഭാടം ഒട്ടും കുറയ്ക്കാതെ തന്നെയാണ് കേരളത്തിലെ പാര്‍ട്ടി തലവനായ കോടിയേരി വേദിയൊരുക്കിയതും. പി.ബി ചേരാന്‍ എ.കെ.ജി സെന്ററിലെ ശീതീകരിച്ച ഹാള്‍. സി.സി ചേരാന്‍ തലസ്ഥാനത്തെ ആഡംബര നക്ഷത്ര ഹോട്ടലായ ഹൈസിന്തും. കേന്ദ്രനേതാക്കള്‍ക്ക് ഒരു തരത്തിലുള്ള പരാതിയുമുണ്ടായില്ല. സി.സിയുടെ രണ്ടാംദിവസമാണ് കേന്ദ്രക്കമ്മിറ്റി അംഗമായ ഇ.പി ജയരാജനെതിരെ ബന്ധുനിയമന വിഷയത്തില്‍ വിജിലന്‍സ് ത്വരിതപരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജയരാജന്‍ ഒന്നാം പ്രതിയെന്ന് എഫ്.ഐ.ആര്‍.
കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അതും യെച്ചൂരി നിസാരമായി കൈകാര്യം ചെയ്തു. ബന്ധുനിയമനം പോലുള്ളവ സി.പി.എമ്മിന് ചേരുന്നതല്ലെന്നും എന്നാല്‍ നടപടി വേണ്ടെന്നും തീരുമാനിച്ചു. ഈ തീരുമാനത്തില്‍ മറ്റൊരു കേന്ദ്രക്കമ്മിറ്റി അംഗമായ പി.കെ ശ്രീമതിയും രക്ഷപ്പെട്ടു. വി.എസിന് ഇപ്പോള്‍ സ്വന്തമായൊരു വിഭാഗമില്ലെങ്കിലും ജെ. മെഴ്‌സിക്കുട്ടിയമ്മ വി.എസ് പക്ഷം എന്നു പറയാവുന്ന ഏകമന്ത്രിയാണ്. മെഴ്‌സിക്കുട്ടിയമ്മക്കെതിരെ തോട്ടണ്ടി അഴിമതി കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. ജയരാജനെയും ശ്രീമതിയെയും നടപടിയില്ലാതെ ഒഴിവാക്കിയ കേന്ദ്രക്കമ്മിറ്റി മെഴ്‌സിക്കുട്ടിയമ്മക്കെതിരെയും മുഷ്ടി ചുരുട്ടിയില്ല. എം.എം മണിയാണ് തല ഉരുളുമെന്ന് കരുതിയ മറ്റൊരു മന്ത്രി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമല്ല, വി.എസ് അച്യുതാനന്ദന്‍ പോലും യെച്ചൂരിക്ക് കത്ത് നല്‍കിയിരുന്നു- മണിയെ ഒഴിവാക്കണമെന്ന്. പക്ഷേ, വണ്‍, ടു, ത്രീ പ്രസംഗത്തിന്റെ പേരില്‍ രണ്ടാം പ്രതിയായ മണിയുടെ വിഷയത്തില്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചുകൊണ്ട് അവിടെയും നേതൃത്വം ബുദ്ധിപരമായ നീക്കം നടത്തി. എല്ലാം ശുഭമാക്കി ഇന്നലെ എ.കെ.ജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയ യെച്ചൂരി തികഞ്ഞ സംതൃപ്തിയിലായിരുന്നു.

chandrika: