പത്തനംതിട്ട : കോവിഡ് ടെസ്റ്റ് നടത്തണമെങ്കില്‍ സിപിഎമ്മില്‍ ചേരണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടതായി പരാതി. പത്തനംതിട്ട മല്ലപ്പുഴശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ പ്രദീപ് കുമാര്‍ തങ്കപ്പന് എതിരെയാണ് നെല്ലിക്കാലാ ലക്ഷം വീട് കോളനി നിവാസിയുടെ പരാതി.
നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കോഴഞ്ചേരി നെല്ലിക്കാലാ ലക്ഷം വീട് കോളനിയിലെ സുനിത്താണ് കോവിഡ് ടെസ്റ്റ് നടത്തുന്നതിനും കോളനിയില്‍ മറ്റ് സഹായങ്ങള്‍ എത്തിക്കുന്നതിനുമായി പഞ്ചായത്തംഗവും സിപിഎം നേതാവുമായ പ്രദീപിനെ സമീപിച്ചത്. എന്നാല്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നാലെ ഇതൊക്കെ നടക്കൂ എന്നായിരുന്നു സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടി ആയ പഞ്ചായത്തംഗം പ്രദീപ് സുനിത്തിന് നല്‍കിയ മറുപടി .
കോളനി നിവാസികളില്‍ പലര്‍ക്കും ഇതിനോടകം രോഗം സ്ഥിരീകരിക്കുകയും രോഗലക്ഷണങ്ങള്‍ കാണുകയും ചെയ്തതോടെയാണ് സുനിത് പഞ്ചായത്തംഗത്തിന്റെ സഹായം തേടിയത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ മണ്ഡലത്തിലാണ് കോവിഡ് ടെസ്റ്റ് നടത്തണമെങ്കില്‍ സിപിഎമ്മില്‍ ചേരണമെന്ന് സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ നിര്‍ദ്ദേശം എന്നതും ഗൗരവതരമാണ്.