കൊച്ചി: സി.പി.ഐ.എം ബി.ജെ.പിയുടെ ബി.ടീമാവരുത് എന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് താക്കൂര്‍. സാമ്പത്തീക സംവരണം നടപ്പിലാക്കാനുള്ള ഏതൊരു നീക്കവും നീതിയുടെ സംങ്കല്‍പ്പത്തെയും ഭരണഘടനയുടെ ആത്മാവിനെയും താറുമാറാക്കുമെന്നും അല്‍പേഷ് താക്കൂര്‍ പറഞ്ഞു. സാമ്പത്തീക സംവരണം നടപ്പിലാക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ആലോചന അവരുടെ ഉള്ളിലെ കപടത്വം വെളിവാക്കുന്നതാണെന്നും അല്‍പേഷ് ആരോപിച്ചു.
ദിളിതരുടേയും മുസ്ലിങ്ങളുടേയും രക്ഷകരായി പുറമേ നടിക്കുകയും ഉള്ളില്‍ ഇത്തരം ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിയമങ്ങള്‍ നിയമിക്കുകയും ചെയ്യുന്നത് അപലപനിയമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ആരംഭിച്ച യൂത്ത് ഫോര്‍ റിസര്‍വേഷന്‍ കാമ്പയിന്റെ ഉദ്ഘാടന വേദിയിലാണ് അല്‍പേഷിന്റെ ഈ പ്രസ്തവാന.
അതേസമയം എറണാകുളം വായമ്പാടി ജാതിമതില്‍ വിരുദ്ധ സമരത്തിന് അല്‍പേഷ് ഐക്യദാര്‍ഢ്യം അറിയിച്ചു. അവിടെ മാധ്യമപ്രവര്‍ത്തകര്‍ക്കും ദളിതര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ നടന്ന പൊലീസ് അക്രമങ്ങള്‍ ഞെട്ടിച്ചുവെന്നും അതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും അല്‍പേഷ് പറഞ്ഞു.
വടയമ്പാടി ഭജന മഠത്തോട് ചേര്‍ന്ന് വടയമ്പാടി ദലിത് ഭൂ അവകാശ മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ജാതിമതില്‍ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടര്‍ അനന്തു രാജഗോപാല്‍ ആശയും ന്യൂസ് പോര്‍ട്ട് എഡിറ്റര്‍ അഭിലാഷ് പടച്ചേരിയുമടക്കം പത്ത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏഴ് പതിറ്റാണ്ടായി വടയമ്പാടിയിലെ നാല് ദളിത് കോളനിയിലെ ജനങ്ങള്‍ സര്‍വ്വസ്വതന്ത്രമായി ഉപയോഗിച്ച് കൊണ്ടിരുന്ന പൊതു മൈതാനം വ്യാജ പട്ടയമുണ്ടാക്കി എന്‍.എസ്.എസ് കരയോഗം അവകാശം സ്ഥാപിക്കുകയും ചുറ്റുമതില്‍ പണിതതിനെതിരെയുമാണ് സമരം നടന്നു വരുന്നത്.