X

സിപിഐഎം വോട്ടുകള്‍ എസ്ഡിപിഐക്ക് മറിച്ചുവെന്നാരോപണം; സിപിഐഎം ബ്രാഞ്ച് യോഗത്തില്‍ കയ്യാങ്കളി

കോഴിക്കോട്: എസ്ഡിപിഐക്ക് വോട്ടുകള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ മറിച്ചെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സിപിഐഎം ബ്രാഞ്ച് യോഗത്തില്‍ കൈയ്യാങ്കളി. കോഴിക്കോട് ഒളവണ്ണ കമ്പിളി പറമ്പിലിലാണ് പാര്‍ട്ടി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വാഗ്വാദവും കൈയ്യാങ്കളിയും നടന്നത്.

ഐഎന്‍എല്‍ പ്രവര്‍ത്തകനായ എം ആസിഖ് ആണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. മുസ്‌ലിം ലീഗിന്റെ സിറ്റിങ് സീറ്റായ ഇവിടെ വിജയിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സിപിഐഎമ്മിന് ലഭിക്കേണ്ട വോട്ടുകള്‍ എസ്ഡിപിഐക്ക് മറിഞ്ഞതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു എന്നാണ് യോഗത്തില്‍ ആരോപണമുയര്‍ന്നത്.

2015ല്‍ 64 വോട്ടുകള്‍ മാത്രം നേടിയ എസ്ഡിപിഐ ഇത്തവണ 509 വോട്ടുകള്‍ നേടി. എല്‍ഡിഎഫിനും യുഡിഎഫിനും കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് വോട്ടാണ് നേടിയത്. 136 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി വെള്ളരിക്കല്‍ മുസ്ഥഫ ജയിച്ചത്.

ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ വാര്‍ഡില്‍ നിന്ന് ലഭിച്ച വോട്ട് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചില്ല. ഇതില്‍ ഐഎന്‍എന്‍ മുന്നണി തല അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

സിപിഐഎം ഒടുമ്പ്ര ലോക്കല്‍ കമ്മറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി എന്നിവര്‍ എസ്ഡിപിഐക്ക് വോട്ട് മറിക്കാന്‍ നേതൃത്വം നല്‍കി എന്നാണ് സിപിഐഎമ്മിലെ ഒരു വിഭാഗം ആരോപിക്കുന്നത്. കയ്യാങ്കളിയെ തുടര്‍ന്ന് യോഗം നിര്‍ത്തിവെക്കുകയായിരുന്നു. ആരോപണ വിധേയര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായേക്കും.

 

web desk 1: