X
    Categories: MoreViews

ചേരിപ്പോരില്‍ ഉലഞ്ഞ് സി.പി.എം

പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം

ഹൈദരാബാദ്: സി.പി.എമ്മിന്റെ 22ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം കുറിക്കാനിരിക്കെ, കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ഇന്നലെ ഹൈദരാബാദില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് പൊട്ടിത്തെറിയുടെ സൂചനകള്‍ പുറത്തുവന്നത്. കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സി.പി.എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയപ്പോള്‍ മതേതര കക്ഷികള്‍ ശക്തിപ്പെടണമെന്ന നിലപാടുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോരിന് കച്ച മുറുക്കി. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനും യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി.
കോണ്‍ഗ്രസുമായി സഹകരിക്കാതെ തന്നെ മതേതര വിശ്വാസികളെ കൂടെ നിര്‍ത്താന്‍ കഴിയുമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാതെ ബി.ജെ.പിക്കെതിരെ പോരാടാനാവില്ലെന്നും കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ സമീപകാലത്ത് മാറ്റം വന്നിട്ടുണ്ടെന്നുമായിരുന്നു വി.എസ് അച്യുതാനന്ദന്റെ വാക്കുകള്‍. ദേശീയ രാഷ്ട്രീയത്തില്‍ പ്രായോഗിക സമീപനം വേണമെന്ന നിലപാടാണ് യെച്ചൂരിക്കുള്ളത്. കേരളം മാത്രമല്ല ഇന്ത്യ എന്ന് മനസ്സിലാക്കണമെന്ന യെച്ചൂരിയുടെ പരാമര്‍ശം നേരത്തെ കേരള ഘടകത്തിന് വലിയ തിരിച്ചടിയായിരുന്നു. നേതാക്കള്‍ക്കിടയിലെ ഈ ഭിന്നത പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ ചര്‍ച്ചകളെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.
കോണ്‍ഗ്രസ് ബന്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചക്ക് വരുന്നുണ്ട്. നേരത്തെ പോളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ചര്‍ച്ച ചെയ്ത കരട് രാഷ്ട്രീയ പ്രമേയം 100ലധികം ഭേദഗതി നിര്‍ദേശങ്ങളോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഇന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ സെഷനുകള്‍ക്കൊടുവില്‍ 22ന് പൊതു സമ്മേളനത്തോടെ സമാപിക്കും.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നടക്കുന്ന അവസാന പാര്‍ട്ടി കോണ്‍ഗ്രസ് ആയതിനാല്‍ കോണ്‍ഗ്രസ് ബന്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമായിരിക്കും.
പുതിയ കേന്ദ്ര കമ്മിറ്റിയേയും ജനറല്‍ സെക്രട്ടറിയേയും പാര്‍ട്ടി കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കും. യെച്ചൂരി വീണ്ടും ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തുന്നത് തടയാനുള്ള നീക്കം കേരള ഘടകം സജീവമാക്കിയിട്ടുണ്ട്. ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറിനെയോ പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനെയോ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിക്കാനാണ് നീക്കം.

chandrika: