സി.പി.എം എം.പി ജോൺ ബ്രിട്ടാസ് ആർ.എസ്.എസ് വേദിയിൽ. കേരളത്തിൽ ബി.ജെ.പിയുടെയും ആർ.എസ്.എസ്സിന്റെയും വളർച്ചക്ക് മുഖ്യപങ്കു വഹിച്ച കെ.ജി മാരാരെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലാണ് ബ്രിട്ടാസ് പങ്കെടുത്തത്. മാരാരെ വെള്ളപൂശി എം.പി പ്രസംഗിക്കുകയും ചെയ്തു. കണ്ണൂർ ജയിലിൽ കഴിയവെ ഒപ്പമുണ്ടായിരുന്ന മുസ്‌ലിം തടവുകാർക്ക് പ്രാർത്ഥിക്കാൻ പാവിരിച്ച് നൽകിയ രാഷ്ട്രീയ സൗഹൃദത്തിനുടമയാണ് കെ.ജി മാരാരെന്ന് പറഞ്ഞാണ് ബ്രിട്ടാസ് മാരാരെ വെള്ളപൂശിയത്.
ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ റസിഡന്റ് എഡിറ്റർ കെ.കുഞ്ഞിക്കണ്ണനാണ് പുസ്തകം രചിച്ചത്. അഡ്വ. പി.എസ്.ശ്രീധരൻപിള്ള പുസ്തക പ്രകാശനം നിർവ്വഹിച്ച ചടങ്ങിൽ ആർ.എസ്.എസ് പ്രാന്ത സംഘചാലക് അഡ്വ കെ.കെ. ബാലറാം അദ്ധ്യക്ഷത വഹിച്ചു. ജനം ടിവി ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തി. ബി.ജെ.പി ദേശീയ വൈസ്പ്രസിഡൻറ് എ.പി അബ്ദുല്ലക്കുട്ടി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജന്മഭൂമി ന്യൂസ് എഡിറ്റർ പി.ശ്രീ കുമാർ എന്നിവർ സംസാരിച്ച വേദിയിൽ ബി.ജെ.പിക്കാരനല്ലാത്ത ഒരേയൊരാൾ സി.പി.എം എം.പി മാത്രമായിരുന്നു.