വിതുര : ജോലി കഴിഞ്ഞു വീട്ടിലേക്ക് പോയ യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ സിപിഎം പ്രവര്‍ത്തകനെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വിതുര മരുതാമല മക്കി സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പ്രിന്‍സ് മോഹനനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്.
വിതുര മരുതാമാല ജേഴ്‌സിഫാമിലെ ജീവനക്കാരിയും വിവാഹിതയും ആയ യുവതി ഫാമിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയില്‍ വച്ചാണ് ഫാമിലെ ഡ്രൈവറായ പ്രതി സമീപത്തുള്ള ഇയാളുടെ സ്വകാര്യ ഫാമിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. സംഭവത്തിനുശേഷം പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പ്രതി യുവതിയെ നിരവധിതവണ പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ അബോര്‍ഷന്‍ നടത്താന്‍ പ്രതി പലതവണ നിര്‍ബന്ധിക്കുകയും വിസമ്മതിച്ച യുവതിക്ക് മറ്റൊരു അസുഖം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മരുന്ന് നല്‍കി ഗര്‍ഭം അലസിപ്പിച്ചതായും വിതുര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് കൂടാതെ പീഡനദൃശ്യങ്ങള്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തോളം രൂപ പ്രിന്‍സ് മോഹന്‍ യുവതിയില്‍ നിന്നും വാങ്ങിയതായും പരാതിയുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നടന്ന അന്വേഷണത്തിലാണ് വിതുര പൊലീസ് പ്രതിയെ പിടികൂടിയത്.
രണ്ട് മാസം മുന്‍പ് പൂട്ടിക്കിടക്കുന്ന ബോണക്കാട് എസ്‌റ്റേറ്റിലെ തേയില ഫാക്ടറിയില്‍ നിന്നും 2 ലക്ഷത്തോളം രൂപയുടെ യന്ത്ര സാമഗ്രികള്‍ മോഷണം ചെയ്ത കേസിലെ പ്രതിയായിരുന്നു പ്രിന്‍സ് മോഹന്‍. തൊണ്ടി മുതല്‍ ഉള്‍പ്പെടെ പോലീസ് പിടികൂടിയിട്ടും സിപിഎം നേതാക്കളുടെ ഇടപെടലില്‍ അറസ്റ്റ് ഉള്‍പ്പെടെ നടത്താതെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നു വരികയായിരുന്നു. സിപിഎം പ്രവര്‍ത്തകനെന്ന മാനദണ്ഡം മാത്രം പരിഗണിച്ചു മരുതാമാല ജേഴ്‌സി ഫാമില്‍ അനധികൃതമായി െ്രെഡവറായി ജോലി ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ ഡ്രൈവറായും ഇയാള്‍ ജോലി ചെയ്തിരുന്നു. ഇതുള്‍പ്പടെ പത്തോളം കേസുകളാണ് പ്രിന്‍സിന്റെ പേരില്‍ വിതുര പോലീസ് സ്‌റ്റേഷനില്‍ നിലവിലുള്ളത്.