കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സി.പി.എം അണികൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുന്നതിനെതിരെ മുന്നറിയിപ്പുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. സംസ്ഥാനത്തെ ബി.ജെ.പിയുടെ വളർച്ച അപകടകരമാണെന്നും മമതാ ബാനർജിയോടുള്ള വിരോധത്തിന്റെ പേരിൽ സി.പി.എമ്മുകാർ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ചാടുന്നതിനു തുല്യമാണെന്നും സി.പി.എം മുഖപത്രമായ ഗണശക്തിക്കു നൽകിയ അഭിമുഖത്തിൽ ബുദ്ധദേവ് പറഞ്ഞു.
മൂന്നു പതിറ്റാണ്ടിലേറെ രാജ്യത്ത് സി.പി.എമ്മിന്റെ ശക്തികേന്ദ്രമായിരുന്ന ബംഗാളിൽ ഇപ്പോൾ ബി.ജെ.പി ശക്തി പ്രാപിക്കുകയാണെന്നും സി.പി.എം അണികൾ കൂട്ടത്തോടെ കാവിപാർട്ടിയിൽ ചേരുകയാണെന്നും ‘ദി വയർ’ റിപ്പോർട്ട് ചെയ്യുന്നു. 2011 അസംബ്ലി തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെട്ടതിനു ശേഷം സി.പി.എം ഓരോ തെരഞ്ഞെടുപ്പിലും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2011-ൽ 39.6 ശതമാനം വോട്ട് വിഹിതം ഉണ്ടായിരുന്ന സി.പി.എമ്മിന് 2016-ലെ തെരഞ്ഞെടുപ്പിൽ 25.6 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇതേ കാലയളവിൽ 4.06 ശതമാനത്തിൽ നിന്ന് 10.28 ശതമാനത്തിലേക്ക് ബി.ജെ.പി മുന്നേറുകയും ചെയ്തു.
2016 തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസും വോട്ടുവിഹിതം മെച്ചപ്പെടുത്തിയപ്പോൾ സി.പി.എമ്മിനാണ് വൻ തിരിച്ചടിയുണ്ടായത്. ഇടതുപക്ഷത്തിന്റെ വോട്ടുകൾ കൂട്ടത്തോടെ ബി.ജെ.പിയിലെത്തിയതാണ് ഇതിനു കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വെറും 6 ശതമാനം വോട്ടുണ്ടായിരുന്ന ബി.ജെ.പി 2014-ൽ 17 ശതമാനം വോട്ട് നേടി. ഈ കാലയളവിൽ സി.പി.എം 42 ശതമാനത്തിൽ നിന്ന് 30-ലേക്ക് വീഴുകയും ചെയ്തു.
സി.പി.എമ്മിന് വോട്ട് ചെയ്തിട്ടു കാര്യമില്ല എന്നറിയുന്ന അണികൾ മമതാ ബാനർജിക്കെതിരെ ബി.ജെ.പിക്ക് വോട്ടുചെയ്യുന്നു എന്നതാണ് ബംഗാളിൽ നിന്നുള്ള വാർത്തകൾ. ഇടത് അനുഭാവികൾ മാത്രമല്ല, ഒരു കാലത്ത് സി.പി.എമ്മിന്റെ കേഡർ അംഗങ്ങളായിരുന്നവർ വരെ ‘മമതയെ പാഠം പഠിപ്പിക്കാൻ’ ബി.ജെ.പിയിലേക്ക് ചേക്കേറിക്കഴിഞ്ഞു. സി.പി.എമ്മിന്റെ ഹബീബ്പൂർ എം.എൽ.എ ഖാഗൻ മുർമു ബി.ജെ.പി ടിക്കറ്റിൽ മാൽഡ നോർത്തിലെ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയാണ്. സി.പി.എം ചിഹ്നത്തിൽ വിജയിച്ച നിയമസഭാംഗത്വം രാജിവെക്കുക പോലും ചെയ്യാതെയാണ് മുർമു താമര ചിഹ്നത്തിൽ മത്സരിച്ചത്.
സി.പി.എമ്മുകാർ ബി.ജെ.പിക്കാരാവുക എന്ന ‘അപകടം’ ഇതിനകം തന്നെ പലയിടത്തും സംഭവിച്ചു കഴിഞ്ഞെന്നും ജനങ്ങൾ സ്വയം നശിക്കുന്നതിൽ നിന്ന് അവരെ രക്ഷിക്കുകയാണ് ഇപ്പോൾ സി.പി.എമ്മിന്റെ ദൗത്യമെന്നും ബുദ്ധദേവ് ഭട്ടാചാര്യ പറയുന്നു. എന്നാൽ അണികളും പാർട്ടി സംവിധാനവും ക്ഷയിച്ച ബംഗാളിൽ ഇത് എങ്ങനെ സാധ്യമാകും എന്ന് ഭട്ടാചാര്യക്കും അറിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രധാന എതിരാളി ബി.ജെ.പിയാണെന്നും മമതാ ബാനർജിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തൃണമൂലിൽ നിന്ന് മോചനം നേടാൻ ബിജെ.പിയെ തെരഞ്ഞെടുക്കുക എന്ന മണ്ടത്തരം ചെയ്യരുതെന്ന് തിങ്കളാഴ്ച ഒരു സി.പി.എം റാലിയിൽ മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മമതയാണ് പ്രധാന ശത്രു എന്ന നിലപാടിലാണ് പല സി.പി.എം നേതാക്കളും.
ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ സി.പി.എമ്മിന് എട്ടു മുതൽ 10 വരെ ശതമാനം വോട്ടുനഷ്ടമുണ്ടാകുമെന്നും ഇതിൽ സിംഹഭാഗവും ബി.ജെ.പി കയ്യേറുമെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധർ പ്രവചിക്കുന്നത്. തൃണമൂലിനെ പ്രധാന ശത്രുവായി പ്രതിഷ്ഠിച്ച സി.പി.എം ബി.ജെ.പിക്കെതിരെ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും ഇത് പാർട്ടിയുടെ പതനത്തിനാണ് കാരണമാകുന്നതെന്നും കൊൽക്കത്തയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ മദ്ഹുൽ ഇസ്ലാം പറയുന്നു.