X

പതിനൊന്നാം വര്‍ഷം പൂത്തുലഞ്ഞ് കുറിഞ്ഞി വിവാദംഉറയിലിട്ട വാളെടുത്ത് സി.പി.എമ്മിനെതിരെ സി.പി.ഐ

 

തോമസ് ചാണ്ടിയുടെ രാജിയോടെ താല്‍ക്കാലികമായി പരസ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സി.പി.ഐ നീലക്കുറിഞ്ഞി വിവാദത്തില്‍ സി.പി.എമ്മിന് എതിരെ ശക്തമായി രംഗത്ത്. ജോയ്‌സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കിയ വിഷയത്തില്‍ പുകഞ്ഞു തുടങ്ങിയ തര്‍ക്കം നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുവെട്ടിക്കുറയ്ക്കാനുള്ള സി.പി.എം നീക്കത്തോടെ പൊട്ടിത്തെറിയിലെത്തി. കുറിഞ്ഞി വിഷയത്തില്‍ എം.എം മണി നടത്തിയ പ്രസ്താവനകളോട് ആദ്യമൊന്നും പ്രതികരിക്കാതിരുന്ന സി.പി.ഐ പരസ്യമായി പ്രതികരിക്കാന്‍ തുടങ്ങിയതോടെ പോര്‍മുഖത്ത് ആളും ആരവവും നിറയുകയാണ്. ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയതിന് പ്രതിഫലം കിട്ടിയിട്ടുണ്ടോയെന്ന് സി.പി.ഐ ജില്ലാ നേതൃത്വം വിശദീകരിക്കണമെന്ന് എം.എം. മണി കഴിഞ്ഞദിവസം കട്ടപ്പനയില്‍ പറഞ്ഞിരുന്നു. ഇതേ കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പാര്‍ട്ടി ജില്ലാ നേതൃത്വം മറുപടി പറയുമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം തിരിച്ചടിക്കാന്‍ കോപ്പുകൂട്ടുകയാണെന്ന് വ്യക്തം. വിഷയത്തില്‍ പ്രതികരിക്കുന്ന ഇടുക്കിയിലെ സി.പി.എം നേതാക്കള്‍ക്ക് ചുട്ടമറുപടി നല്‍കാന്‍ ജില്ലാ നേതാക്കള്‍ക്ക് സംസ്ഥാനനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതനുസരിച്ചുള്ള ആദ്യവെടി പൊട്ടിച്ചത് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനാണ്. എം.എം മണി കയ്യേറ്റക്കാരുടെ മിശിഹയാണെന്നും എം.പിയുടെ പട്ടയം റദ്ദാക്കിയതിന് സി.പി.ഐക്കു പ്രതിഫലം കിട്ടിയെന്ന മണിയുടെ ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്നുമാണ് കഴിഞ്ഞ ദിവസം ശിവരാമന്‍ പ്രതികരിച്ചത്. മണിയുടേതു നെറികെട്ട ആരോപണമാണ്. സി.പി.എം ആരില്‍ നിന്നൊക്കെ പണം വാങ്ങിയെന്നു അറിയാമെന്നും പേരു പറയാന്‍ നിര്‍ബന്ധിക്കരുതെന്നുമുള്ള ശിവരാമന്റെ പ്രസ്താവനയെ പ്രതിരോധിക്കാന്‍ മണിയും എസ്.രാജേന്ദ്രന്‍ എം.എല്‍.എയും അടക്കമുള്ള ഇടുക്കി നേതൃത്വം നിര്‍ബന്ധിതമാകും. ഇത് സംസ്ഥാനനേതൃത്വത്തിലേക്ക് വ്യാപിക്കുമെന്നതില്‍ സംശയമില്ല. അതോടെ ചാണ്ടിക്ക് പിന്നാലെ കുറിഞ്ഞിയും ഇടതുമുന്നണിയെ പിടിച്ചു കുലുക്കും.
കോണ്‍ഗ്രസിനെ സഹായിക്കാനാണു എം.പിയുടെ പട്ടയം റദ്ദാക്കിയതെന്നും ഇതു സി.പി.ഐ മന:പൂര്‍വം ചെയ്തതാണെന്നും ശിവരാമനല്ല, ഏതു രാമന്‍ വന്നാലും നമ്മള്‍ ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കുമെന്നുമാണ് മണി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സി.പി.എം കട്ടപ്പന ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസംഗമെങ്കിലും മുഖ്യമന്ത്രി നേരത്തെ തന്നെ വേദി വിട്ടിരുന്നു. അതേ സമയം, 12 വര്‍ഷത്തിന് ശേഷം 2018ല്‍ പൂക്കേണ്ട നീലക്കുറിഞ്ഞിക്ക് മുമ്പ് തന്നെ കുറിഞ്ഞിവിവാദം 11-ാം വര്‍ഷം പൂത്തുലയുകയാണ്. കുറിഞ്ഞി ഉദ്യാനത്തിന്റെ കാര്യത്തില്‍ സി.പി.എം നിലപാടിന് ഒപ്പം നില്‍ക്കുന്ന റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ കണ്ടെത്തലുകള്‍ വനംമന്ത്രി തള്ളിയതോടെ കുര്യനെ സി.പി.ഐ പൂര്‍ണമായും കയ്യൊഴിഞ്ഞതു പോലായി. കുര്യന്റെ കണ്ടെത്തലുകള്‍ കൂടിയാലോചന ഇല്ലാതെയാണെന്നും മൂന്നാര്‍ ഹര്‍ത്താലുകള്‍ക്കു പിന്നില്‍ കയ്യേറ്റ ലോബിയാണെന്നും മന്ത്രി പറഞ്ഞു.
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ 2000 ഹെക്ടറായി ചുരുങ്ങുമെന്ന വാര്‍ത്ത ചോര്‍ന്നതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയെന്നു വിവരമുണ്ട്. സങ്കേതം ചുരുങ്ങുമെന്ന വിശദീകരണം പി.ആര്‍.ഡി വാര്‍ത്താക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമവിഭാഗത്തോട് വിശദീകരണം ചോദിച്ചു. കഴിഞ്ഞ ദിവസം റവന്യൂ വനം മന്ത്രിമാരുടെ യോഗത്തിലായിരുന്നു തീരുമാനമെടുത്തത്. പ്രശ്‌ന പരിഹാരത്തിന് ചേര്‍ന്ന യോഗം രാഷ്ട്രീയ വിവാദമായതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുന്നത്.

chandrika: