X

കാനത്തിനും മാണിക്കും ഒരേ വേദിയില്‍ കസേരയൊരുക്കി സി.പി.എം

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കെ.എം മാണിയെയും സി.പി.എം ഒരേ വേദിയിലിരുത്തുന്നു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 23ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സെമിനാറിലാണ് ഇരുവരെയും ഒരേ വേദിയില്‍ കൊണ്ടുവരുന്നത്. മാണിയെ ശക്തമായി എതിര്‍ക്കുന്ന വി.എസ് അച്യുതാനന്ദനാണ് സെമിനാറിന്റെ അധ്യക്ഷന്‍ എന്നതും ശ്രദ്ധേയമാണ്.

മാണിയെ എല്‍.ഡി.എഫില്‍ എടുത്താന്‍ സി.പി.ഐ മുന്നണിയിലുണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി കാനം സി.പി.എമ്മിനെ വെല്ലുവിളിക്കുന്നതിനിടെയാണ് ഇരുവരും ഒരു വേദിയിലെത്തുന്നത്. ന്യൂനപക്ഷങ്ങളുമായി എല്‍.ഡി.എഫിനെ അടുപ്പിക്കാനാണ് മാണിയെ കൂട്ടുപിടിക്കുന്നതെങ്കില്‍ മുന്നണിക്ക് മധ്യസ്ഥ പ്രാര്‍ത്ഥനക്കാരെ ആവശ്യമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കാനത്തിന്റെ പരിഹാസം.

അപകടമൊന്നുമില്ലാതെ മുന്നോട്ടുപോകുന്ന മുന്നണിയില്‍ ഒരു അപകടത്തെ ക്ഷണിച്ചുവരുത്തേണ്ടതുണ്ടോയെന്നും കാനം ചോദിച്ചിരുന്നു. നിലവില്‍ എല്‍.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐ, മാണിയുടെ പാര്‍ട്ടി എല്‍.ഡി.എഫില്‍ പ്രവേശിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്.

chandrika: