തൃശ്ശൂര്‍: പ്രളയാനന്തരം തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച സംഭാവനയില്‍ നിന്ന് പാര്‍ട്ടി ഫണ്ടിലേക്ക് സിപിഎം പണം വകമാറ്റിയതായി ആരോപണം. അനില്‍ അക്കര എം.എല്‍.എയാണ് തെളിവുകള്‍ സഹിതം ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയതായി അനില്‍ അക്കര എം.എല്‍എ പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സമാഹരിച്ച തുകയില്‍ നിന്ന് ആറുകോടിയോളം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് വകമാറ്റിയെന്നാണ് എം.എല്‍.എ ആരോപിക്കുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് ലോക്കല്‍ കമ്മിറ്റി നടത്തിയ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എയുടെ ആരോപണം. തൃശൂര്‍ അടാട്ട് ലോക്കല്‍ കമ്മറ്റി 2,20,100 പിരിച്ചതായാണ് കണക്കില്‍ കാണിക്കുന്നത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുമുണ്ട്. എന്നാല്‍ ലോക്കല്‍ കമ്മിറ്റിയുടെ കീഴിലെ 23 ബ്രാഞ്ചുകളില്‍ നിന്ന് പിരിച്ച തുകയില്‍ ലോക്കല്‍ സെക്രട്ടറി പണം വകമാറ്റിയെന്നാണ് ആരോപണം. ദുരിതാശ്വാസ നിധിയിലെ വിവരങ്ങള്‍ പുറത്തുവിടാത്തത് സിപിഎമ്മിന്റെ തട്ടിപ്പ് പുറത്തുവരാതിരിക്കാനാണെന്നും അനില്‍ അക്കര എം.എല്‍.എ ആരോപിച്ചു.