തവനൂര്‍: സിപിഎം സൈബര്‍ പോരാളിമാരുടെ പോരാട്ടം ലക്ഷ്യം കാണുന്നില്ലെന്ന് വിലയിരുത്തലുമായി സിപിഎമ്മിന്റെ സൈബര്‍ സംഘം. പ്രചാരണത്തിനായി തയ്യാറാക്കുന്ന പോസ്റ്റുകളില്‍ പാര്‍ട്ടിചിഹ്നങ്ങളും മറ്റും ചാപ്പകുത്തുന്ന രീതി അവസാനിപ്പിക്കാനാണ് സൈബര്‍ സഖാക്കള്‍ക്ക് നല്‍കിയ രഹസ്യനിര്‍ദേശമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് വേണ്ടത്ര സ്വീകാര്യത കിട്ടുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയനീക്കംമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സാമൂഹമാധ്യമങ്ങളില്‍ വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യുമ്പോള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ലോഗോ, സഖാക്കള്‍ എന്ന പേര്, പാര്‍ട്ടി ചിഹ്നങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. സി.പി.എമ്മിന്റെ ഔദ്യോഗിക സൈബര്‍ ടീമായ ടി21 ആണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇടതുപക്ഷ ഗ്രൂപ്പുകളില്‍ മാത്രമേ പങ്കുവെയ്ക്കാവൂ എന്ന മുന്നറിയിപ്പോടെയാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ സൈബര്‍ സംഘത്തിന്റെ സന്ദേശമെത്തിയത്.
സമൂഹമാധ്യമങ്ങളില്‍ ‘ക്യാപ്‌സ്യൂളുകള്‍’ ഉപയോഗിച്ച സൈബര്‍ പ്രചാരണം ശക്തമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.ഷെയര്‍ചെയ്യുന്ന പോസ്റ്റുകളും വീഡിയോകളും പൊതുസമൂഹം വായിക്കുകയും കാണുകയും ചെയ്യുന്നില്ലെന്നാണ് കണ്ടെത്തല്‍. പോസ്റ്റുകളില്‍ മുദ്രണം ചെയ്യപ്പെടുന്ന ലോഗോയും ചാപ്പ കുത്തുന്ന മുദ്രാവാക്യങ്ങളും കാരണമാണിതെന്നും സൈബര്‍ സംഘം ചൂണ്ടിക്കാണിക്കുന്നു. മലപ്പുറം സഖാക്കള്‍, കണ്ണൂര്‍ സഖാക്കള്‍, കൊല്ലം സഖാക്കള്‍, സഖാവ് ചെ, ചുവപ്പിന്റെ കൂട്ടുകാര്‍ തുടങ്ങിയ പേരുകള്‍ ആലേഖനം ചെയ്താണ് പോസ്റ്റുകള്‍ തയ്യാറാക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ക്ക് ഇടതുപക്ഷ ഗ്രൂപ്പുകളില്‍ അകാലമൃത്യു സംഭവിക്കുകയാണെന്നാണ് കണ്ടെത്തല്‍.
ഇടതുപക്ഷ ലോഗോ വെച്ചതും ചെഗുവേരയുടേതും അരിവാള്‍ ചുറ്റികയുടേയും ചിത്രം വെച്ചതുമായ ഒരു പോസ്റ്റും കേരളത്തിലെ നിഷ്പക്ഷരായ പൊതുസമൂഹം ഷെയര്‍ ചെയ്യില്ലെന്നും സൈബര്‍സംഘം പറയുന്നു. ഈ സാഹചര്യത്തിലാണ് നിഷ്പക്ഷമെന്ന് തോന്നുന്ന പോസ്റ്റുകള്‍ ഉണ്ടാക്കാന്‍ സൈബര്‍ പോരാളികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.