X

എതിരാളികളുടെ കമന്റിന് ഹഹ ഇമോജി ഇടരുത്, നേതാക്കള്‍ക്ക് ഒരു സ്‌മൈലിയെങ്കിലും കൊടുക്കണം- സൈബറിടത്തില്‍ കൈപ്പുസ്തകവുമായി സിപിഎം

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി സിപിഎം കൈപ്പുസ്തകം. സൈബറിടത്തില്‍ പാര്‍ട്ടിയെ എങ്ങനെ പ്രതിരോധിക്കണമെന്ന് വിശദമായി പ്രതിപാദിക്കുന്നതാണ് കൈപ്പുസ്തകം. മാതൃഭൂമിയാണ് ഇതു സംബന്ധിച്ച ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ;

* ഒരിക്കലും അത്തരം കമന്റിന് ‘ഹഹ’ ഇമോജി, മറുപടി എന്നിവ ഇടരുത്. അങ്ങനെവന്നാല്‍ എതിരാളിയുടെ കമന്റ് കൂടുതലാളുകളിലേക്കെത്തും. ലൈക്കും കമന്റും വരുന്നതോടെ ആ പോസ്റ്റ് എല്ലാവര്‍ക്കും കാണുന്ന രീതിയില്‍ ഏറ്റവും മുകളില്‍ത്തന്നെ വരും. അതുകൊണ്ട് ആ കമന്റ് പരമാവധി അവഗണിക്കുക.

* എതിരാളിയുടെ കമന്റിന് മറുപടി കൊടുത്തേ തീരൂ എന്നാണെങ്കില്‍ ആ പോസ്റ്റിനടിയില്‍ വേറൊരു കമന്റായി മറുപടിയിടുക. ഒരിക്കലും ഈ മറുപടി എതിരാളിയുടെ കമന്റിന്റെ അടിയില്‍ പോയി ചെയ്യാതിരിക്കുക.

* നേതാക്കളുടെ പോസ്റ്റിനെ ലൈക്ക് ചെയ്യുക, ഷെയര്‍ ചെയ്യുക, ആ പോസ്റ്റില്‍ കമന്റിടുക. പ്രത്യേകിച്ച് കമന്റൊന്നും ഇടാന്‍ ഇല്ലെങ്കില്‍ എന്തെങ്കിലും ഒരു സ്മൈലി ഇടുക. അതുമല്ലെങ്കില്‍ ഒരു കുത്ത് എങ്കിലുമിടണം. ഇത് പോസ്റ്റ് കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ ഇടയാക്കും.

* രാഷ്ട്രീയവിഷയങ്ങള്‍ മാത്രം പോസ്റ്റ് ചെയ്യരുത്. ചാരിറ്റി, കലാപ്രവര്‍ത്തനങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടി പോസ്റ്റ് ചെയ്യണം. പാചകം, പുസ്തകം, നോവല്‍, സിനിമ പോസ്റ്റുകളും ആവാം.

* എതിരാളികളുടെ പോസ്റ്റുകള്‍ക്ക് ലൈക്കോ മറ്റെന്തെങ്കിലും ഇമോജികളോ ഇടുകയോ കമന്റുചെയ്യുകയോ അരുത്. അത് ആ പോസ്റ്റിന് നിങ്ങളുടെ സുഹൃത്തുക്കളുടെ ഇടയില്‍ കൂടുതല്‍ പ്രചാരം കൊടുക്കും.

* എതിരാളികളുടെ പേജിനെ ഫോളോ ചെയ്യാം. വേറെ ഇടപെടലുകള്‍ ഒന്നും വേണ്ടാ.

* അനാവശ്യ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്ന എതിരാളികളെ ‘അണ്‍ഫോളോ’ ചെയ്യുക. അവരെ ‘അണ്‍ഫോളോ’ ചെയ്യുന്നതുവഴി അവര്‍ നമ്മുടെ ഫ്രണ്‍ഡായി നിലനില്‍ക്കുകയും നമ്മുടെ മെസേജുകള്‍ അവരിലെത്തുകയും ചെയ്യും. പക്ഷേ, അവരുടെ മെസേജുകള്‍ നമ്മുടെ വാളില്‍ വരുന്നത് ഒഴിവാക്കാനും കഴിയും.

* ആളുകള്‍ ഓഫീസിലെത്തി പ്രധാനപ്പെട്ട പണികളെല്ലാം തീര്‍ത്ത് ചെറിയ ഇടവേള എടുക്കുന്ന 10-നും 11-നും ഇടയ്ക്കുള്ള സമയം പോസ്റ്റിടാന്‍ ഉത്തമമാണ്. ഉച്ചയിലെ ഇടവേള സമയം, വൈകുന്നേരം, രാത്രി ഊണെല്ലാം കഴിഞ്ഞ് കിടക്കും മുന്നേയുള്ള സമയം എന്നിവയും പോസ്റ്റിടാന്‍ പറ്റിയ സമയമാണ്.

 

 

 

Test User: