തളിപ്പറമ്പ്: പുളിമ്പറമ്പില്‍ വ്യാപകമായി കുന്നിടിച്ച് നിരത്തി. സി.പി.എമ്മുകാരനായ വാര്‍ഡ് കൗണ്‍സിലറുടെ സ്ഥലത്തടക്കമാണ് കുന്നിടിക്കല്‍ നടന്നതെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കുന്നിടിക്കലിനെതിരെ സി.പി.എമ്മിലെ ഒരുപറ്റം യുവാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. പുളിമ്പറമ്പ്- കുപ്പം റോഡില്‍ കണികുന്നിന് എതിര്‍വശം പുളിയോടാണ് വ്യാപകമായി കുന്നിടിക്കല്‍ നടക്കുന്നത്. ഒരു മാസമായി ഇവിടെ ജെ.സി.ബി ഉപയോഗിച്ച് കുന്നിടിക്കലും മറ്റും നടക്കുകയാണ്.
പുളിയോട് റോഡില്‍ നിന്ന് വീടു നിര്‍മ്മാണത്തിനായി റോഡ് നിര്‍മ്മിക്കാനെന്ന പേരിലാണ് ഇവിടെ മലയിടിക്കാന്‍ തുടങ്ങിയത്. ഇവിടെയുള്ള കോഴിഫാം വിപുലീകരണത്തിനാണെന്ന ന്യായവും അന്ന് നിരത്തിയിരുന്നു. ചെറിയ റോഡ് നിര്‍മ്മാണം മാത്രമാവുമെന്ന് കരുതിയാണ് ആദ്യം വിഷയം ഗൗരവമായി എടുക്കാതിരുന്നതെന്ന് കുന്നിടിക്കലിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.
എന്നാല്‍ ഇപ്പോള്‍ അത് സര്‍വ്വ സീമകളും ലംഘിച്ച് 20 അടി താഴ്ചയിലുള്ള മണ്ണെടുപ്പായെന്നാണ് കണികുന്ന് സഖാക്കള്‍ എന്ന പേരിലറിയപ്പെടുന്ന സി.പി.എം അണികള്‍ തന്നെ ആരോപിക്കുന്നത്. പ്രദേശത്തെ നഗരസഭാ കൗണ്‍സിലര്‍ അടക്കമുള്ള മൂന്നു പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഈ പ്രകൃതി ധ്വംസനം നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഇവിടുത്തെ മലയ്ക്ക് താഴെയുള്ള ഇടുങ്ങിയ റോഡിലൂടെ ദിവസേന സ്‌കൂള്‍ ബസുകള്‍ കടന്നു പോവുന്നുണ്ട്. മഴയില്‍ ഇടിച്ച ഭാഗത്തെ കുന്നിന്റെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചാല്‍ വലിയ ദുരന്തത്തിനാവും നാട് കേള്‍ക്കേണ്ടി വരിക.
കൂടാതെ പുളിമ്പറമ്പിലെ 110 കെ.വി സബ് സ്റ്റേഷന്റെ പ്രധാന വൈദ്യുതി ലൈനിന്റെ സ്റ്റേ കമ്പി നിലനില്‍ക്കുന്നതും ഇടിച്ചു കൊണ്ടിരിക്കുന്ന കുന്നിന്റെ പാറക്ക് മുകളിലാണ്. ഈ പാറ ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. ഇതേ സ്ഥലത്തെ 220 കെ.വി ടവറിനും കുന്നിടിക്കല്‍ ഭീഷണിയാണ്. കൂടാതെ ഇപ്പോള്‍ ജെ.സി.ബി ഉപയോഗിച്ച് വലിയ പാറകളും മണ്ണും ഖനനം ചെയ്യുമ്പോള്‍ കുന്നിന്റെ മറുവശത്തുള്ള വീടുകള്‍ക്ക് കുലുക്കവും അനുഭവപ്പെടുന്നുണ്ട്. അതേ സമയം ജിയോളജി വകുപ്പിന്റെ അനുമതി ഖനനത്തിനുണ്ടെന്ന് പുളിമ്പറമ്പ് വാര്‍ഡ് കൗണ്‍സിലര്‍ വി.വി കുഞ്ഞിരാമന്‍ വ്യക്തമാക്കി. എന്നാല്‍ ഇത്രയധികം പാരിസ്ഥിതികാഘാതമുള്ള പ്രദേശത്ത് ഖനനത്തിന് ജിയോളജി വകുപ്പ് എന്തടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു. വിഷയം സി.പി.എമ്മിന്റെ കണിക്കുന്ന് ബ്രാഞ്ച് കമ്മിറ്റി മുകളിലോട്ട് ഉന്നയിച്ച് പോരാട്ടത്തിനിറങ്ങാന്‍ തന്നെയാണ് അണികളുടെ തീരുമാനം.