കൊച്ചി: നഗരസഭാ കൗണ്‍സിലര്‍ സിപിഐഎം വിട്ടു. എംഎച്ച്എം അഷ്‌റഫാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. ആറാം ഡിവിഷന്‍ കൗണ്‍സിലറാണ് അഷ്‌റഫ്. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരിഗണന കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് രാജി.
നഗരസഭയില്‍ കഴിഞ്ഞ 15 വര്‍ഷമായി എംഎച്ച്എം അഷ്‌റഫും ഭാര്യയുമാണ് മാറി മാറി മത്സരിച്ചുവരുന്നത്. ഇദ്ദേഹം സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്. വിപ്പ് ലംഘനം പ്രശ്‌നമായി വരുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ സിപിഐഎം വിടുകയാണെന്നും യുഡിഎഫിനെ പിന്തുണക്കുകയാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് അഷ്‌റഫ്. എന്നാല്‍ ഇപ്പോള്‍ കൗണ്‍സില്‍ സ്ഥാനം രാജിവെക്കില്ല. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.
കൊച്ചി നഗരസഭില്‍ 33-33 എന്നതാണ് എല്‍ഡിഎഫ് യുഡിഎഫ് കക്ഷി നില. രണ്ട് വിമതരുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം.