തിരുവനന്തപുരം: ഗവര്‍ണര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചെങ്കിലും ലോകായുക്ത നിയമഭേദഗതിക്കെതിരായ എതിര്‍പ്പ് തുടരാനുറച്ച് സി.പി.ഐ. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതിനോട് സി.പി.ഐക്ക് യോജിപ്പില്ല. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് മുന്നണിയില്‍ ചര്‍ച്ച വേണമെന്ന് സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെടാനാണ് സി.പി.ഐയുടെ തീരുമാനം. ഗവര്‍ണര്‍ ഉയര്‍ത്തിയ പ്രതിസന്ധി തീര്‍ക്കാന്‍ സഭ വിളിച്ച സര്‍ക്കാറിന് മുന്നിലെ അടുത്ത കടമ്പ സി.പി.ഐയെ അനുനയിപ്പിക്കുകയാണ്.
ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതല്‍ സി.പി.ഐ ഉയര്‍ത്തിയത് കടുത്ത എതിര്‍പ്പാണ്. നിയമം ഭേദഗതി ചെയ്യുന്നത് ഇടതുനിലപാടല്ലെന്നാണ് സി.പി.ഐ നേതാക്കള്‍ പറയുന്നത്. മന്ത്രിസഭായോഗത്തില്‍ ലോകായുക്തയുടെ ചിറകരിയാനുള്ള ഓര്‍ഡിനന്‍സിനെ ആദ്യം പാര്‍ട്ടി മന്ത്രിമാര്‍ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം നിലപാട് കടുപ്പിച്ചതോടെ എതിര്‍പ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം പാസാക്കാന്‍ ബില്‍ കൊണ്ട് വരാനിരിക്കെ എതിര്‍പ്പ് ആവര്‍ത്തിക്കാനാണ് സി.പി.ഐ നീക്കം.സഭാ സമ്മേളനം വിളിക്കും മുമ്പ് ചര്‍ച്ച വേണമെന്നാണ് ആവശ്യം. നേരത്തെ ഭേദഗതിയില്‍ ഭിന്നത കടുത്തപ്പോള്‍ സമാന ആവശ്യം ഉന്നയിച്ചെങ്കിലും സി.പി.എം ചര്‍ച്ചക്ക് തയാറായിരുന്നില്ല. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14-ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവരുന്ന തീരുമാനത്തെയാണ് സി.പി.ഐ പ്രധാനമായി എതിര്‍ക്കുന്നത്. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് സ്ഥാനത്ത് തുടരാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്.
ഇതില്‍ സി.പി.ഐ ആവശ്യം പരിഗണിച്ച് എങ്ങനെ മാറ്റം വരുമെന്നാണ് കണ്ടറിയേണ്ടത്. നിലവിലുള്ള ലോകായുക്ത നിയമം അതേപടി നിലനിര്‍ത്തിയാല്‍ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കെതിരായ കേസിലടക്കം വിധി നിര്‍ണായകമാണ്. തിരക്കിട്ട് ബില്‍ കൊണ്ടുവരുന്ന സി.പി.എം ഗവര്‍ണര്‍ക്ക് പിന്നാലെ സി.പി.ഐയെയും ഇനി അനുനയിപ്പിക്കേണ്ട സാഹചര്യമാണ്. സഭാ സമ്മേളനത്തിന് മുമ്പ് ധാരണയുണ്ടായില്ലെങ്കില്‍ ബില്ലിനെ സി.പി.ഐ സഭക്കുള്ളില്‍ എതിര്‍ക്കുമോ എന്നുള്ളതാണ് ഉയരുന്ന ആകാംക്ഷ. പാര്‍ട്ടി സമ്മളനങ്ങളിലെല്ലാം കാനം പിണറായിയുടെ അടിമയായെന്ന് വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് ലോകായുക്തയില്‍ സി.പി.ഐ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. മുന്നണി സംവിധാനം എന്ന നിലയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ സി.പി.ഐക്ക് കഴിയില്ലെങ്കിലും ചര്‍ച്ചയില്‍ തങ്ങളുടെ അഭിപ്രായം വ്യക്തമായി രേഖപ്പെടുത്താനുള്ള അവസരം സി.പി.ഐ അംഗങ്ങള്‍ വിനിയോഗിച്ചേക്കും. ബില്ലിനെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ള പ്രതിപക്ഷത്തിന്റെ വാദങ്ങളെ പിന്തുണക്കുന്ന സമീപനമാണ് സി.പി.ഐ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നയം എന്നതും ശ്രദ്ധേയം.