തിരുവനന്തപുരം: മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് എല്‍ഡിഎഫ് മുന്നണിയില്‍ ഉടലെടുത്ത സിപിഐ-സിപിഎം തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. സിപിഎം ആരോപണങ്ങള്‍ക്ക് പരസ്യ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത കൂടുതല്‍ പുറത്തുവന്നത്. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്നും കാനം പറഞ്ഞു. സിപിഎമ്മില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മറുപടി നല്‍കവെയാണ് കാനം പ്രതികരിച്ചത്. മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നത് മുന്നണി മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്ന് സിപിഎം വിമര്‍ശിച്ചിരുന്നു. എന്താണ് മുന്നണി മര്യാദയെന്നും ഇതിന് ചര്‍ച്ച വേണമെന്നും കാനം പ്രതികരിച്ചു. എന്തു വിഷയവും ചര്‍ച്ച ചെയ്യാനും തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കാനുമുള്ള വേദിയാണ് മന്ത്രിസഭായോഗമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെയും കാനം എതിര്‍ത്തു.
ഒറ്റക്കു നിന്നാല്‍ സിപിഐ ഒരു ചുക്കുമല്ലെന്നു പറഞ്ഞ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ പ്രതികരണത്തിനെതിരെയും കാനം ആഞ്ഞടിച്ചു. ഒറ്റക്കു നിന്നാല്‍ എല്ലാവരും എന്താകുമെന്ന് കണ്ടറിയാമെന്ന് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.