X

കെ.കെ ശിവരാമന്റെ മാനസികനില സിപിഐ പരിശോധിക്കണം; വിമര്‍ശനവുമായി സിപിഎം

മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമനെതിരെ വിമര്‍ശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ശിവരാമന്റെ മാനസികനില സിപിഐ പരിശോധിക്കണമെന്ന് സിവി വര്‍ഗീസ് പറഞ്ഞു.

കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബു തോമസിന്റെ മരണത്തില്‍ സിപിഎമ്മിനും മുന്‍മന്ത്രി എംഎം മണിക്കുമെതിരെ കെ കെ ശിവരാമന്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സി വി വര്‍ഗീസ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ശിവരാമന്റെ അഭിപ്രായത്തെ അവജ്ഞയോടെ തള്ളിക്കളയുകയാണ്. തങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ ശിവരാമനെ ചുമതലപ്പെടുത്തിയിട്ടില്ല. സിപിഎമ്മിനെ നന്നാക്കാന്‍ ശിവരാമന്‍ ശ്രമിക്കേണ്ട. ശിവരാമന്‍ ശിവരാമന്റെ പാര്‍ട്ടിയെ നന്നാക്കിയാല്‍ മതിയെന്നും സിവി വര്‍ഗ്ഗീസ് പ്രതികരിച്ചു.

എംഎം മണിയുടെ പരാമര്‍ശത്തെ ഒറ്റതെറിഞ്ഞ് കാണേണ്ട സാഹചര്യം ഇല്ല. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിയുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരന്‍ എന്ന് തെളിഞ്ഞാല്‍ അപ്പോള്‍ നോക്കാം എന്നും നിലവില്‍ സിജിയുടെ വിശദീകരണം പാര്‍ട്ടിക്ക് തൃപ്തികരമാണെന്നും സി വി വര്‍ഗീസ് പറഞ്ഞു.

സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കണമെന്നായിരുന്നു എം എം മണിയുടെ വിവാദ പ്രസംഗം. സാബുവിന്റെ മരണത്തിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും എം എം മണി പറഞ്ഞിരുന്നു. സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവെയായിരുന്നു പരാമര്‍ശം.

webdesk13: