X

ഭൂ പരിഷ്‌കരണ ഭേദഗതിയെ എതിര്‍ത്ത് സി.പി.ഐ

ഭൂപരിഷ്‌കരണ നിയമ ഭേദഗതിയില്‍ കൊമ്പുകോര്‍ത്ത് സി.പി. എമ്മും സി.പി. ഐയും. നിയമം ഭേദഗതി ചെയ്യാന്‍ എല്‍.ഡി.എഫിന് ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയതോടെ ഇടതുമുന്നണി കലുഷിതമാകുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഭേദഗതി സാധ്യമല്ലെന്നും തോട്ടങ്ങളില്‍ ഇടവിള കൃഷിക്ക് ഇപ്പോള്‍ തന്നെ നിയമമുണ്ടെന്നുമാണ് കാനത്തിന്റെ നിലപാട്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപമടക്കം വന്‍കിട പദ്ധതികള്‍ക്ക് സി.പി.എം പച്ചക്കൊടി കാട്ടിയത് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യാനിരിക്കെ തങ്ങളുടെ അഭിമാന മുദ്രാവാക്യമായ ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി വേണമെന്ന് പറയുന്ന ബജറ്റ് നിര്‍ദ്ദേശത്തെ പരസ്യമായി എതിര്‍ക്കുകയാണ് സി.പി.ഐ.

സി.പി.എം നയരേഖക്ക് തൊട്ടുപിന്നാലെ ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി വേണ്ടിവരുമെന്ന് സൂചന നല്‍കിയുള്ള ബജറ്റ് പ്രസംഗം ചര്‍ച്ചയായിരുന്നു. തോട്ടങ്ങളില്‍ മറ്റ് കൃഷിയും സ്വകാര്യവ്യവസായ പാര്‍ക്കുകള്‍ക്ക് കൂടുതല്‍ ഭൂമിയും അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തോട്ടങ്ങളില്‍ ഇടവിള കൃഷിക്ക് നിലവില്‍ നിയമമുണ്ടെന്നും മറ്റൊരു നിയമം ആകുന്ന ഘട്ടത്തില്‍ തീരുമാനം പറയാമെന്നും കാനം വ്യക്തമാക്കി.

അതേസമയം കാനത്തെ തള്ളി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിലപാട് ആവര്‍ത്തിച്ചു. കൂടുതല്‍ വിളകളെ തോട്ടമെന്ന നിര്‍വചനത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇത് ദുരുപയോഗം ചെയ്യാന്‍ അവസരമൊരുക്കുന്ന തരത്തില്‍ നിയമഭേദഗതിയുണ്ടാകില്ല. തോട്ടം മുറിച്ചു വില്‍ക്കാനോ തരം മാറ്റാനോ അനുവദിക്കില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നയംമാറ്റമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ലാഭകരമായി വിളകള്‍ കൃഷി ചെയ്യാന്‍ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ബാലഗോപാല്‍ പറഞ്ഞു. ഏതെങ്കിലും വിഭാഗത്തിന് ദുരുപയോഗം ചെയ്യാന്‍ അവസരമൊരുക്കുന്ന തരത്തില്‍ നിയമഭേദഗതി ഉണ്ടാകില്ലെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്.

ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഇടതുനേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് നിയമഭേദഗതിയെ കുറിച്ച് ബജറ്റില്‍ പരാമര്‍ശമുണ്ടായത്. തോട്ടങ്ങള്‍ നഷ്ടമാണെന്ന കൃഷിക്കാരുടെ ഏറെ നാളത്തെ പരാതിയാണ് മറ്റ് കൃഷികള്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍ എത്തിയതെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.

പഴവര്‍ഗങ്ങള്‍ ഇടവിളയായി കൃഷി ചെയ്യാന്‍ നേരത്തേ എല്‍.ഡി.എഫ് തീരുമാനിച്ചിരുന്നു. കൂടുതല്‍ വിളകളും കൃഷിയും ഉള്‍പെടുത്തി തോട്ട പരിധി കുറച്ച് കൃഷി വ്യാപിപ്പിക്കാനുള്ള നീക്കമാണ് സി.പി.എം നയം. പാര്‍ട്ടി നയരേഖക്കനുസരിച്ചുള്ള ഭേദഗതികള്‍ സി.പി.എം നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്ന സാഹചര്യത്തിലാണ് ഭൂപരിഷ്‌കരണത്തില്‍ തൊട്ട് കളിക്കാനാകില്ലെന്ന് സി.പി.ഐയുടെ വെല്ലുവിളി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പരിഷ്‌കരണ നിര്‍ദേശങ്ങള്‍ അന്ന് റവന്യൂമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സി.പി.ഐ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞതാണ്. തോട്ടങ്ങളില്‍ മറ്റ് കൃഷിയാകാമെന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ അതിന് കൃത്യമായ എണ്ണവും പരിധിയും വേണമെന്നാണ് സി.പി.ഐയുടെ അഭിപ്രായം. കൂടുതള്‍ കൃഷിയിനങ്ങള്‍ ചേര്‍ത്ത് തോട്ടനിയമവും സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് കൂടുതല്‍ ഭൂമി അനുവദിച്ച് വ്യവസായ നയവും പരിഷ്‌കരിക്കാന്‍ സി.പി.എം ശ്രമിക്കുമ്പോഴാണ് സി.പി.ഐ നേതൃത്വം ശക്തമായി എതിര്‍ക്കുന്നത്. നയവ്യതിയാനത്തിനെതിരെ എല്‍.ഡി.എഫ് യോഗത്തില്‍ തുറന്നപോരിന് തയാറെടുക്കുകയാണ് കാനം.

Test User: