X
    Categories: indiaNews

ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാന്‍ സിപിഐ നേതാക്കളും: രാജയും ബിനോയ് വിശ്വവും പങ്കെടുക്കും

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സിപിഐ നേതാക്കളും. പാര്‍ട്ടിയെ പ്രതിനിധികരിച്ച് ജനറല്‍ സെക്രട്ടറി ഡി രാജയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവുമാണ് സമാപനച്ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇരുവരും പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സിപിഐ അറിയിച്ചു. മികച്ച ഇന്ത്യയെ രൂപപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കുകയെന്ന ആശയം തങ്ങളെ പ്രചോദിപ്പിക്കുന്നതായും ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ ഡി രാജ ചൂണ്ടിക്കാട്ടി.

ജോഡോ യാത്രയുടെ സമാപനസമ്മേളനത്തിലേക്ക് മൊത്തം 23 രാഷ്ട്രീയ പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് ക്ഷണിച്ചത്. എന്നാല്‍ ഇതില്‍ എത്രപേര്‍ പങ്കെടുക്കുമെന്ന് അറിയില്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ശ്രീനഗറിലാണ് യാത്ര സമാപിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അണിനിരന്നിരുന്നു. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് യാത്ര കശ്മീരില്‍ എത്തുന്നത്.

webdesk13: