അരുണ്‍ ചാമ്പക്കടവ്
കൊല്ലം: തോമസ് ചാണ്ടിക്കെതിരെ ഉടനെ നടപടി സ്വീകരിക്കേണ്ട എന്ന സി.പി.എം, സി.പി.ഐ ഒത്ത് തീര്‍പ്പിന് പിന്നാലെ തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ (ലേക്ക് പാലസ്)മാനേജിംഗ് ഡയറക്ടര്‍ മാത്യൂ ജോസഫിന്റെ പരസ്യം സിപിഐ മുഖപത്രത്തില്‍. ജനയുഗത്തില്‍ ചാണ്ടിയെ ന്യായീകരിച്ചാണ് പ്രസ്താവന. കായല്‍ കയ്യേറ്റം എന്ന ആരോപണങ്ങളും അതിലെ വസ്തുതതയും എന്ന പേരിലാണ് ലേഖന രൂപേണയുള്ള പരസ്യം ചെയ്തിരിക്കുന്നത്. ഓരോ കാര്യവും അക്കമിട്ടു പറഞ്ഞു ന്യായീകരിക്കുന്നുമുണ്ട്. പത്രത്തില്‍ പരസ്യമാണോ വര്‍ത്തയാണോ എന്ന് വ്യക്തമാക്കാതെയാണ് പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. വാട്ടര്‍ വേള്‍ഡ് ടുറിസം കമ്പനിക്കു വേണ്ടി മാനേജിങ് ഡയറക്ടര്‍ മാത്യു ജോസഫ് ആണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.
പാര്‍ട്ടി നയങ്ങള്‍ക്ക് എതിരായതോ അസത്യങ്ങളോ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍ ഇതുവരെയായും പത്രം പ്രസിദ്ധീകരിച്ചിട്ടില്ല. തോമസ് ചാണ്ടിക്കെതിരെ ശക്തമായ നിലപാടുമായി സി.പി.ഐയും, പൊതു സമൂഹത്തില്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യവുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമരരംഗത്തേക്കു സി.പി.ഐയുടെ യുവജന സംഘടന എഐവൈഎഫ് എത്തിയതിനു തൊട്ടടുത്ത ദിവസമാണ് പാര്‍ട്ടി പത്രത്തില്‍ ഇത്തരം ഒരു വാര്‍ത്ത വന്നത്. ചുരുക്കത്തില്‍, ചാണ്ടിക്കെതിരെ കുറച്ചെങ്കിലും പ്രതികരിച്ച സി.പി.ഐയെയും വിലക്കെടുത്തു എന്ന് തന്നെ വേണം വിലയിരുത്താന്‍.