X

സി.പി.ഐയോട് കോണ്‍ഗ്രസ്സിന് അകല്‍ച്ചയില്ലെന്ന് എം.എം ഹസ്സന്‍; സി.പി.ഐയെ അടര്‍ത്തി മാറ്റാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കേണ്ടെന്ന് കൊടിയേരി

തിരുവനന്തപുരം: സി.പി.ഐയോട് കോണ്‍ഗ്രസിന് ഒരു തരത്തിലുമുള്ള അകല്‍ച്ചയും ഇല്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്‍. യാഥാര്‍ത്ഥ്യ ബോധ്യമുളള പാര്‍ട്ടിയാണ് സി.പി.ഐ എന്നും ഹസന്‍ പറഞ്ഞു. ഹസ്സന്റെ പരാമര്‍ശം കഴിഞ്ഞ് കുറച്ചുമണിക്കൂറുകള്‍ക്കുശേഷം മറുപടിയുമായി കൊടിയേരിയും രംഗത്തെത്തി. സി.പി.ഐയെ അടര്‍ത്തി മാറ്റാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കേണ്ടെന്ന് കൊടിയേരിയും പറഞ്ഞു.

സി.പി.ഐയേയും കാനത്തേയും അഭിനന്ദിച്ച് ഹസ്സന്‍ രംഗത്തെത്തിയിരുന്നു. മൂന്നാര്‍, ജിഷ്ണു വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ അതേ നിലപാടാണ് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയ്ക്കുമെന്നും ഹസ്സന്‍ പറഞ്ഞു. സി.പി.എമ്മിന്റെ മോല്‍ക്കോയ്മ ചോദ്യം ചെയ്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ധീരമാണെന്നും ഹസന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കൊടിയേരി രംഗത്തുവന്നത്.

സര്‍ക്കാരിന്റെ നയപരിപാടികളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ആശയപരമായ പ്രശ്‌നങ്ങളില്ല. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ നിന്നുളള കൊഴിഞ്ഞുപോക്ക് തടയാന്‍ മാത്രമാണ് ഹസന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

chandrika: