തിരുവനന്തപുരം: ഇടതുപാര്‍ട്ടികളുടെ കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സി.പി.ഐക്കെതിരെ സി.പി.എം രംഗത്ത്. കോണ്‍ഗ്രസുമായി കൂട്ടുകൂടാത്ത ഏത് പാര്‍ട്ടിയാണുള്ളതെന്നും നാളെ കോണ്‍ഗ്രസിനൊപ്പം ചേരില്ലെന്ന് ഉറപ്പിച്ചു പറയനാവില്ലെന്നുമുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് രംഗത്തെത്തി.
ബി.ജെ.പിയെ ചെറുക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കുക എന്ന ആശയത്തെ സി.പി.എം അംഗീകരിക്കുന്നില്ലെന്ന് കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനോട് അയിത്തമില്ലെന്ന് കാനം വ്യക്തമാക്കിയത്. മാത്രമല്ല, വലിയ പാര്‍ട്ടിയെന്ന് അഹങ്കരിക്കുന്ന സി.പി.എം പതിനൊന്ന് വര്‍ഷം അധികാരമില്ലാതെ വെയിലത്തുനിന്നവരാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ഇതിനാണ് കോടിയേരി പരോക്ഷമായി മറുപടി നല്‍കിയിരിക്കുന്നത്.
വര്‍ഗീയതക്കെതിരെ വിശാലമായ വേദിയാവാമെന്നും എന്നാല്‍ നയപരമായി യോജിച്ച് മാത്രമേ രാഷ്ട്രീയ സഖ്യം പാടുള്ളുവെന്നുമാണ് കോടിയേരിയുടെ നിലപാട്. നയപരമായ യോജിപ്പ് ഇല്ലെങ്കില്‍ വിപരീത ഫലമുണ്ടാവും. 2004ല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ യു.പി.എ സര്‍ക്കാരിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരായ സഖ്യം വളര്‍ത്താന്‍ തയ്യാറായില്ല. സംഘപരിവാര്‍ ശക്തികളെ ഒറ്റപ്പെടുത്താനും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. അമേരിക്കന്‍ സാമ്രാജ്യത്വവുമായി തന്ത്രപരമായ സഖ്യമുണ്ടാക്കിയപ്പോഴാണ് ഇടതുപക്ഷം അവര്‍ക്കുള്ള പിന്തുണ പിന്‍വലിച്ചത്.
കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പെട്ട സി.പി.ഐ ഭതീന്ദ കോണ്‍ഗ്രസില്‍ വെച്ച് സഖ്യം തെറ്റെന്ന് വിലയിരുത്തി, ഇടതുമുന്നണിയുടെ രൂപീകരണത്തില്‍ പങ്കാളിയായതാണ്. വര്‍ഗീയതക്കും കോര്‍പറേറ്റ് വല്‍കരണത്തിനുമെതിരായ ശക്തമായ ജനകീയ പോരാട്ടം നടത്തിയാണ് രാഷ്ട്രീയ ബദല്‍ യാഥാര്‍ത്ഥ്യമാക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞ ദിവസം കാനം പറഞ്ഞിനെ ഖണ്ഡിക്കാനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കോടിയേരി ശ്രമിച്ചത്. ബി.ജെ.പിയുമായും ആര്‍.എസ്.എസുമായും ഒരിക്കലും കൂട്ടുകെട്ട് ഉണ്ടാക്കില്ലെന്നും എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിന് തയാറാകുമെന്നും സി.പി.ഐ ദേശീയതലത്തില്‍ തന്നെ തീരുമാനമെടുത്തിട്ടുണ്ട്. കേരളത്തിലും സി.പി.ഐക്ക് കോണ്‍ഗ്രസിനോടും യു.ഡി.എഫിനും വലിയ അകല്‍ച്ചയില്ല. എന്നാല്‍ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് കോടിയേരി ആവര്‍ത്തിക്കുന്നത് ഇടതുപാര്‍ട്ടികള്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. കോണ്‍ഗ്രസുമായി സഹകരിക്കാതെ എങ്ങനെ ബി.ജെ.പിയെയും സംഘപരിവാര്‍ രാഷ്ട്രീയത്തെയും പരാജയപ്പെടുത്തും എന്ന ചോദ്യം സി.പി.എം പോളിറ്റ്ബ്യൂറോയില്‍ പോലും ചര്‍ച്ച ചെയ്തിരുന്നു. ഇതിനിടെയാണ് കാനത്തിന് മറുപടിയുമായി കോടിയേരി എത്തിയത്.