X

സി.പി.എം-സി.പി.ഐ പോര് അവസാനിപ്പിക്കാനാകാതെ നേതൃത്വം

രാജേഷ് വെമ്പായം

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ സി.പി.എം- സി.പി.ഐ തര്‍ക്കം രൂക്ഷമായി തുടരുന്നത് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉടലെടുത്ത ഭിന്നത മറ്റു പല വിഷയങ്ങളിലേക്കും മാറിയെങ്കിലും ഇപ്പോള്‍ വീണ്ടും തുടങ്ങിയയിടത്ത് വന്നുനില്‍ക്കുകയാണ്. ലോ അക്കാദമി സമരത്തോടെ തര്‍ക്കം പരസ്യവിഴുപ്പലക്കലിലേക്ക് വഴിമാറി.

കഴിഞ്ഞ ദിവസം വിവരാവകാശ നിയമത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.ഐക്കെതിരെ നടത്തിയ പ്രസ്താവനയും അതിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നല്‍കിയ മറുപടിയും സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കി. നിയമസഭാ ബജറ്റ് സമ്മേളനം ചേരുമ്പോള്‍ മുന്നണിയിലെ രണ്ട് പ്രമുഖ കക്ഷികള്‍ പരസ്യമായി പോരടിക്കുന്നത് സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് ദോഷം ചെയ്യുമെന്ന് മറ്റ് ഘടകകക്ഷികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തര്‍ക്കം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച ഇടതുമുന്നണി യോഗം ചേരുന്നുണ്ട്.

ഓരോ വിഷയം വരുമ്പോഴും സി.പി.എമ്മും സി.പി.ഐയും പരസ്യവിഴുപ്പലക്കല്‍ നടത്തുന്നതില്‍ ജനതാദള്‍, എന്‍.സി.പി തുടങ്ങിയ കക്ഷികള്‍ക്ക് കടുത്ത വിയോജിപ്പുണ്ടെങ്കിലും ഇക്കാര്യം പരസ്യമായി പറയാന്‍ ഇവര്‍ തയാറാകുന്നില്ല. വിലക്കയറ്റം, സ്വാശ്രയ കോളജ് പ്രശ്‌നങ്ങള്‍, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അസംതൃപ്തി, കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെയും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പ്രതിഷേധം എന്നിവയെല്ലാം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തില്‍ ഒന്നിച്ചുനിന്ന് പരിഹാര നടപടികള്‍ കണ്ടെത്തേണ്ടതിന് പകരം പരസ്പരം വിഴുപ്പലക്കല്‍ നടത്തുന്നത് പ്രതിപക്ഷത്തിന്റെ കയ്യില്‍ വടി കൊടുക്കുന്നതിന് തുല്യമാണെന്നാണ് സ്വയംവിമര്‍ശനം.

പല വാദപ്രതിപാദങ്ങളും അനാവശ്യമായിരുന്നുവെന്നും മുന്നണിക്കുള്ളില്‍ അഭിപ്രായമുണ്ട്.
സി.പി.എമ്മും സി.പി.ഐയും മാത്രമല്ല, അവരുടെ വിദ്യാര്‍ത്ഥി- യുവജന സംഘടനകളും തൊഴിലാളി സംഘടനകളും ഏറ്റുമുട്ടലിന്റെ പാതയിലാണ്. എസ്.എഫ്.ഐയും- എ.ഐ.എസ്.എഫും ബന്ധം അവസാനിപ്പിച്ചുകഴിഞ്ഞു. യൂണിവേഴ്‌സിറ്റി കോളജ് അടക്കം എസ്.എഫ്.ഐക്ക് ശക്തിയുള്ള പല കോളജുകളിലും തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന പരാതി തുടക്കം മുതല്‍ എ.ഐ.എസ്.എഫിനുണ്ട്.

യൂണിവേഴ്‌സിറ്റി കോളജില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോയ തങ്ങളുടെ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ നേതാക്കള്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതി എ.ഐ.എസ്.എഫ് നേതൃത്വം സി.പി.എമ്മിനെ അറിയിച്ചിരുന്നു. എന്നാല്‍ പക്ഷപാതപരമായ സമീപനമാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്. ഇക്കാര്യത്തില്‍ അസംതൃപ്തി പുകയുന്നതിനിടെയാണ് ലോ അക്കാദമി സമരം ശക്തമായതും എ.ഐ.എസ്.എഫ് മറ്റു സംഘടനകള്‍ക്കൊപ്പം ശക്തമായി നിലകൊണ്ടതും. സി.പി.ഐ നേതൃത്വം സമരത്തിന് പിന്തുണ നല്‍കിയതും സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു.

സി.പി.ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജാതി അധിക്ഷേപം നടത്തിയതായുള്ള പരാതിയില്‍ സി.പി.എം നേതാക്കളും ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഒളിഞ്ഞും തെളിഞ്ഞും സി.പി.ഐയെ പരിഹസിക്കുകയാണ്. ഇതിനിടെ കയറ്റിറക്കുമേഖലയില്‍ സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും തമ്മിലും പലയിടത്തും തര്‍ക്കം നിലനില്‍ക്കുന്നു. സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം അതിരപ്പിള്ളിയെ ചൊല്ലിയായിരുന്നു ആദ്യം ഭിന്നത ഉടലെടുത്തത്. പിന്നീട് വിവരാവകാശ നിയമത്തിന്റെ പേരില്‍ പലതവണ പിണറായി- കാനം വാക് പോരാട്ടം നടന്നു.

ഇതിനിടെ മന്ത്രിമാരായ എം.എം മണിയയും എ.കെ ബാലനും സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് പ്രശ്‌നം വഷളാക്കി. ഇതിനിടെയാണ് ലോ അക്കാദമി സമരത്തിലും കടുത്ത ഭിന്നതയുണ്ടായത്. സി.പി.ഐയുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും കോടിയേരി ബാലകൃഷ്ണന്‍ ഈ സമരത്തെ കോലീബി സഖ്യത്തിന്റെ ഉദയമായി വ്യാഖ്യാനിച്ചു. എന്നാല്‍, തങ്ങള്‍ രംഗത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ സമരവിജയത്തിന്റെ ക്രഡിറ്റ് ബി.ജെ.പി കൊണ്ടുപോകുമായിരുന്നെന്ന് സി.പി.ഐ തിരിച്ചടിച്ചു. മുന്നണി യോഗം ചേര്‍ന്ന് തല്‍ക്കാലികമായി വെടിനിര്‍ത്തലുണ്ടായാലും ഈ ഭിന്നത പ്രതിപക്ഷം ആയുധമാക്കുമെന്ന പേടി ഇടതു നേതാക്കള്‍ക്കുണ്ട്.

chandrika: