എഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല. ആരോപണവിധേയനായ അജിത് കുമാറിനെ മാറ്റുന്നതും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ എഡിജിപി വിഷയം ഉണ്ടായിരുന്നില്ല. അജണ്ടയ്ക്ക് പുറത്തു നിന്നുള്ള വിഷയം എന്ന നിലയിലും, സി.പി.ഐ അടക്കമുള്ള ഘടകകക്ഷി മന്ത്രിമാരും കാബിനറ്റ് യോഗത്തില്‍ വിഷയം ഉന്നയിച്ചില്ല.
എഡിജിപിയുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളോ, എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതോ മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കപ്പെട്ടില്ല
എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി വിമര്‍ശിച്ചിരുന്നു. എഡിജിപിയുടെ കൂടിക്കാഴ്ച പാര്‍ട്ടിയെ സംബന്ധിക്കുന്ന വിഷയമല്ലെന്നും, സര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകളിലും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു.