തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ പൊലീസ് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. ഇന്നലെ പ്രസിദ്ധീകരിച്ച ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് പിണറായി സര്‍ക്കാറിന്റെ ഭരണത്തെ സംഘപരിവാര്‍ ഭരണത്തോട് ഉപമിച്ചിരിക്കുന്നത്. ദേശീയഗാനത്തെ അവഹേളിച്ചെന്ന് ആരോപിച്ച് കമല്‍ സി. ചവറയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നദീറിനെയും കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് മുഖപ്രസംഗം.
കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദേശദ്രോഹക്കുറ്റം ചുമത്തുന്നത് സംഘപരിവാര്‍ ഭരണത്തിന് മാത്രം യോജിച്ച നടപടിയാണെന്നുമുള്ള അതിരൂക്ഷമായ വിമര്‍ശനമാണ് ഭരണകക്ഷിയായ സി.പി.എമ്മിനെതിരെ ഉന്നയിക്കുന്നത്. നേരത്തെ നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പൊലീസ് കൊലപ്പെടുത്തിയ നടപടിയിലും സി.പി.എമ്മിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് സി.പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടിയെ വിമര്‍ശിച്ച് പാര്‍ട്ടിപത്രം മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.
മുഖപ്രസംഗത്തില്‍ പറയുന്നതിങ്ങനെയാണ്- മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ. പി.എ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇതിന് സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നുവെന്നത് ദുഃഖകരമാണ്. കസ്റ്റഡിയില്‍ പീഡനമുണ്ടായെന്ന ചില വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. അന്വേഷണംപോലും നടത്തുന്നതിന് മുമ്പ് യു.എ.പി.എ പോലുള്ള കുറ്റം ചുമത്തുക എന്ന നിയമവിരുദ്ധ നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം അന്വേഷണം നടത്തുകയും കുറ്റം തെളിഞ്ഞില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയും ചെയ്യുന്നത് കേരളം പോലൊരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തതാണ്.
സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പരാമര്‍ശത്തിന് നല്‍കുന്ന പരാതിയിലെല്ലാം വേണ്ടത്ര പരിശോധനയോ അന്വേഷണമോ നടത്താതെ ദേശദ്രോഹക്കുറ്റം ചുമത്തുക എന്നത് ആശാസ്യകരമല്ല. അത് സംഘപരിവാര്‍ ഭരണത്തിനുമാത്രം യോജിച്ചതാണ്. എല്‍.ഡി. എഫ് ഭരിക്കുമ്പോള്‍ കേരളത്തിന് അത്ര പരിചിതമല്ലാത്ത ചില നടപടികളെങ്കിലും കേരള പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചപ്പോള്‍ ഉണ്ടായ സംവാദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാകാത്തവര്‍ പൊലീസ് സേനയിലും അധികാര കേന്ദ്രങ്ങളിലും ഇപ്പോഴുമുണ്ടെന്നാണ് പിന്നീടുണ്ടാകുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.
മരിച്ച മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ക്ക് താമസമൊരുക്കിയതിന് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതും ഇപ്പോള്‍ കമല്‍ സി. ചവറയും നദീറുമൊക്കെ നേരിടേണ്ടി വന്ന അനുഭവങ്ങളും അങ്ങനെ ചിന്തിപ്പിക്കാനാണ് പ്രേരിപ്പിക്കുന്നത്. കോഴിക്കോട്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നത് പ്രത്യേക പരിശോധന ആവശ്യപ്പെടുന്നുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ധാര്‍മികതക്ക് വിരുദ്ധമായി ചില പൊലീസുകാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകുന്ന നടപടികള്‍ ശക്തമായി അപലപിക്കപ്പെടേണ്ടതുതന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.