തിരുവനന്തപുരം: മാവോയിസ്റ്റുകളെന്ന പേരില്‍ ആളുകളെ വെടിവെച്ചു കൊല്ലുന്നതിനെതിരെ പരസ്യവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസിനെയും തണ്ടര്‍ ബോള്‍ട്ടിനെയും കുറ്റപ്പെടുത്തിയാണ് കാനം സംസാരിച്ചതെങ്കിലും വിമര്‍ശനം മുഴുവന്‍ ആഭ്യന്തരവകുപ്പിന് എതിരെയായിരുന്നു. കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയല്ല. അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പൊലീസിന്റെ ആവശ്യമാണ്. കേന്ദ്ര ഫണ്ട് തട്ടാനാണ് ഇടക്കിടെ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുന്നതെന്നും കാനം ആരോപിച്ചു.
വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്ന് അവിടെ സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ക്ക് മനസ്സിലായിട്ടുണ്ട്. മരിച്ച വേല്‍മുരുഗന്റെ ശരീരത്തിലേറ്റ വെടിയുണ്ടകള്‍ അതിന് തെളിവാണ്. പരസ്പരമുള്ള ഏറ്റുമുട്ടലാണെങ്കില്‍ ഒരു പോലീസുകാരന് പോലും പരിക്കേല്‍ക്കാത്തത് എന്ത് കൊണ്ടാണെന്നും കാനം ചോദിച്ചു.
കേരളത്തില്‍ നക്സല്‍ ഭീഷണി നിലനില്‍ക്കുന്നില്ലെങ്കിലും ഇടയ്ക്കിടെ ഇവരെ വെടിവെച്ച് കൊല്ലുന്നത് ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖത്ത് കരിവാരി തേക്കുന്ന തരത്തിലുള്ള നടപടിയാണ്. ഏറ്റുമുട്ടല്‍ കൊലപാതക നടപടികളില്‍ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്‍വാങ്ങണം. കേരളത്തിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യമില്ലെന്ന് തോന്നുന്നുണ്ട്. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്നാണ് കരുതുന്നതെന്നും കാനം പറഞ്ഞു.