തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.ഗീതാഗോപിനാഥിന്റെ ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ മുന്നറിയിപ്പ്. സിപിഐ മുഖപത്രമായ ജനയുഗത്തിലാണ് സിപിഎമ്മിന് മുന്നറിയിപ്പു നല്‍കുന്നത്.
ഗീതാഗോപിനാഥ് ചില മാധ്യമങ്ങള്‍ക്കു നല്‍കിയ അനൗപചാരിക സംഭാഷണത്തിലെ സൂചനകള്‍ കേരള സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളില്‍ സ്വാധീനം ചെലുത്തുന്നവയാണെങ്കില്‍ അത് തികച്ചും ആശങ്കാജനകമാണെന്നാണ് സിപിഐ മുഖപത്രം പറയുന്നത്.
കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കണമെന്ന അവരുടെ അഭിപ്രായം മുഖവിലക്ക് അസ്വീകാര്യമായ ഒരു നിര്‍ദേശമല്ല. എന്നാല്‍ ചെലവുചുരുക്കലിനെപ്പറ്റി പറയുന്ന ഗീതാഗോപിനാഥ് സര്‍ക്കാരിന്റെ ‘ബാധ്യത’യായ ശമ്പളം, പെന്‍ഷന്‍, സബ്‌സിഡികള്‍, ക്ഷേമപദ്ധതികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം, അവയിലെ സ്വകാര്യ ഓഹരി പങ്കാളിത്തം, അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യമേഖലാ പങ്കാളിത്തം, ജി.എസ്.ടി എന്നിവയെപ്പറ്റിയെല്ലാം നേരില്‍ പറയാതെ തന്നെ ചിലതെല്ലാം പറഞ്ഞുവെക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതില്‍ ഒരു ചാലക ശക്തിയായി അവര്‍ പ്രവര്‍ത്തിക്കുമെന്നും സൂചന നല്‍കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വികാസത്തിലും ഗീതാഗോപിനാഥ് പ്രകടിപ്പിക്കുന്ന താല്‍പര്യവും വിദേശനിക്ഷേപം കൊണ്ടുവരുന്നതില്‍ കാണിക്കുന്ന ഉത്സാഹവും തികച്ചും ശ്ലാഘനീയമാണ്. എന്നാല്‍ ചെലവുചുരുക്കല്‍ അടക്കം സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടെ സമീപിക്കൂ എന്നുവേണം കരുതാന്‍.
-മുഖപ്രസംഗത്തില്‍ പറയുന്നു.