X

കെ.എം മാണി എം.എം മണി വിഷയങ്ങളില്‍ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി സി.പി.ഐ

കോട്ടയം: കെ.എം മാണി വിഷയത്തിലും എം.എം മണി വിഷയത്തിലും സി.പി.എമ്മിനെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.ഐ. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫുമായി അടുക്കുമെന്ന പ്രചരണത്തിനിടെയാണ് സി.പി.എമ്മിനെ കടന്നാക്രമിച്ച് സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ രംഗത്തെത്തിയത്.

കോടിയേരി എത്ര പച്ചക്കൊടി കാണിച്ചാലും കെ.എം മാണി എല്‍.ഡി.എഫിലുണ്ടാകില്ലെന്ന് ശശിധരന്‍ പറഞ്ഞു. സി.പി.ഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ ഉദ്ഘാടനപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ശശിധരന്‍. മാണിക്കെതിരെ സമരം ചെയ്തവര്‍ ഇപ്പോള്‍ മാണിയെ മഹത്വവല്‍കരിക്കുകയാണെന്നും നിയമസഭയിലെ എം.എല്‍.എമാര്‍ എല്ലാവരും ഇവിടെ ഇല്ലേ എന്നും നോട്ടെണ്ണുന്ന മെഷീന്‍ ഇപ്പോള്‍ എവിടെപ്പോയെന്നും ശശിധരന്‍ സിപിഎമ്മിനെ പരിഹസിച്ചു.

സി.പി.എം കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതായി മാറിക്കൊണ്ടിരിക്കുകയാണെന്നും സി.പി.എമ്മില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ പുറത്തുപോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും സി.കെ ശശിധരന്‍ തുറന്നടിച്ചു.

മൂന്നാറിലെ ഭൂമി വിഷയത്തില്‍ മന്ത്രി എംഎം മണിക്കെതിരേയും ശശിധരന്‍ വിമര്‍ശനമുന്നയിച്ചു. മൂന്നാറിലെ ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് മന്ത്രി എം.എം മണിയെപോലുള്ളവര്‍ സ്വീകരിക്കുന്നതെ്ന്നും ശശിധരന്‍ പറഞ്ഞു.

മൂന്നാറിലെ ഭൂമി കൈകാര്യം ചെയ്യുന്നത് എംഎം മണിയാണ്. ഉദ്യോഗസ്ഥരെ മണി ഇടയ്ക്കിടെ വിമര്‍ശിക്കുന്നത് വിദ്യാഭ്യാസമില്ലാത്തതുകൊണ്ടാണ്. പള്ളിക്കൂടത്തില്‍ പോകാത്തവരാണ് ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്നത്. പാവങ്ങള്‍ക്ക് ഭൂമിനല്‍കുക എന്ന സര്‍ക്കാര്‍ നിലപാടിന് തടസ്സംനില്‍ക്കുന്നത് ഭൂമാഫിയയെ സംരക്ഷിക്കുന്ന ഇത്തരക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

chandrika: