‘വനിതാ മതില്‍’ വന്‍ വിജയമായെന്ന് സി.പി.എം അവകാശപ്പെടുന്നതിനിടെ ശബരിമലയില്‍ യുവതികള്‍ കയറിയ സംഭവത്തില്‍ പരസ്യ പ്രതിഷേധവുമായി വനിതാ മതില്‍ സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്‍. ശബരിമലയില്‍ ‘ആക്ടിവിസ്റ്റ്’ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ചത് യഥാര്‍ത്ഥ ഭക്തര്‍ക്ക് വേദനയുണ്ടാക്കുന്നു എന്നും യഥാര്‍ത്ഥ ഭക്തര്‍ ഇങ്ങനെയല്ല മല ചവിട്ടുകയെന്നും സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറിയായ സുഗതനെ വനിതാ മതില്‍ ഭാരവാഹിയാക്കിയതില്‍ പ്രതിഷേധമുയര്‍ന്നിരുന്നെങ്കിലും ന്യായീകരിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നിരുന്നു.
‘സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പിലാക്കുന്നതും പാത്തും പതുങ്ങിയുമാകരുത്. ആക്ടിവിസ്റ്റ് യുവതികളെ മലചവിട്ടാന്‍ അനുവദിച്ചത് യഥാര്‍ത്ഥ ഭക്തര്‍ക്ക് വേദനയുണ്ടാക്കുന്നു. ഞങ്ങള്‍ ആ വേദനക്കൊപ്പം…’ സുഗതന്‍ പറയുന്നു. നവോത്ഥാന മൂല്യ സങ്കല്‍പങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം യഥാര്‍ത്ഥ ഭക്തരെ അഭിമാനത്തോടെയും ഭക്തിയോടെയും ജീവിക്കാന്‍ അനുവദിക്കണമെന്നും സുഗതന്‍ പറയുന്നു. ‘നട്ടെല്ലില്ലാത്തവര്‍ നയിക്കുന്ന ഹിന്ദു സമൂഹം, അതാണ് ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്‌നം…’ എന്നാണ് സുഗതന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുത്. ഭക്തര്‍ ശബരിമല കയറുന്നത് ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല. Activist യുവതികളെ മല ചവിട്ടാന്‍ അനുവദിച്ചത് യഥാര്‍ത്ഥ ഭക്തര്‍ക്ക് വേദനയുണ്ടാക്കുന്നു. ഞങ്ങള്‍ ആ വേദനക്കൊപ്പം. നവോഥാന മൂല്ല്യസങ്കല്‍പങ്ങള്‍ സംരക്ഷിക്കുന്നതിനോപ്പം യഥാര്‍ത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാന്‍ അനുവദിക്കുകയും വേണമല്ലോ! നവോഥാന നായകരെല്ലാം ഈശ്വര വിശ്വാസികളും ഭക്തന്മാരും ആയിരുന്നു എന്നുള്ള കാര്യം ആരും മറന്നുപോകരുത്. തുലാമാസ പുജക്ക് യുവതികള്‍ എത്തിയപ്പോള്‍ എന്റെ നേതൃത്വത്തില്‍ അവരെ തടഞ്ഞു. പിന്നീട് ഞങ്ങള്‍ തടയാന് പോകുന്നില്ല എന്നു തീരുമാനിച്ചു. ഗ്രേഡ്1 ഹിന്ദുക്കളായ RRS BJP നേതൃത്വം യുവതികളെ തടയല്‍ ഏറ്റെടുത്തു.. അവര്‍ മകര വിളക്കുവരെ അവിടെ യുവതികളെ തടയാന്‍ ആര്‍ജവം കാണിക്കാതെയിരുന്നത് എന്തുകൊണ്ടാണ്?. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കെണ്ടവരല്ലേ അവര്!!. അതുപോലെ യുവതികള് കയറിയപ്പോള്‍!! നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂര്‍ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാന്‍ തന്ത്രിമാര്‍ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല? വരുമാന നഷ്ടവും ജോലി നഷ്ടവും അവര്‍ ഭയക്കുന്നു. അതല്ലേ സത്യം? ഇന്നു മന്നം ജയന്തിയാണ്. പെരുന്നയില്‍ കുടിയ ഒരു ലക്ഷം പേരില്‍ നിന്നു ഒരു പതിനായിരം ചെറുപ്പക്കാരെ ശബരിമല യുവതി പ്രവേശം തടയാന്‍ NSSനും അയക്കാമായിരുന്നല്ലോ? ഒന്നും ആരും ചെയ്യില്ല? മൈക്ക് കിട്ടിയാല്‍ ഉഗ്രന്‍ പ്രസംഗങ്ങള്‍. ചാനല്‍ ചര്‍ച്ചകള്‍ .! കര്‍മ്മം ചെയ്യുന്നവര്‍ക്കെതിരെ വ്യാജ വാര്‍ത്തകളും കുറ്റപ്പെടുത്തലുകളും മാത്രം. നട്ടെല്ലില്ലാത്തവര്‍ നയിക്കുന്ന ഹിന്ദു സമുഹം!. അതാണ് ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്‌നം?