X

യു.പിയിലെ ഗോശാലയില്‍ പശുക്കള്‍ പട്ടിണികിടന്ന് കൂട്ടത്തോടെ ചത്തു

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പശുക്കള്‍ പട്ടിണികിടന്ന് ചത്തതായി ആരോപണം. കാസ്ഗഞ്ച് ജില്ലയിലെ ഗോശാലക്ക് പുറത്താണ് 10 ഓളം പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. അധികൃതരുടെ അശ്രദ്ധ കാരണമാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഗോശാലയില്‍ പാര്‍പ്പിച്ച പശുക്കള്‍ക്ക് ദിവസങ്ങളായി തീറ്റ ലഭിച്ചില്ലെന്നും രോഗബാധിതരായ മൃഗങ്ങള്‍ക്ക് യഥാസമയം ചികിത്സ ലഭിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. പശുക്കള്‍ പട്ടിണി കിടന്നും ശരിയായ ചികിത്സ ലഭിക്കാത്തതിനാലുമാണ് ചത്തതെന്നും നാട്ടുകാര്‍ ആരോപിച്ചു. പശുക്കളുടെ ദയനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഗ്രാമവാസികള്‍ പശുക്കളുടെ ജഡങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വിഡിയോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഗോശാലക്ക് സമീപത്തെ വയലില്‍ പശുക്കളുടെ ജഡങ്ങള്‍ പതിവായി ഉപേക്ഷിക്കുന്നത് പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്നതിന് കാരണമാകുന്നുവെന്നും ആരോപണമുണ്ട്.

സംഭവം വിവാദമായതിന് പിന്നാലെ, ഒരു സംഘം ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങളും അസ്ഥികൂടങ്ങളും നീക്കം ചെയ്തു. അതേസമയം, ആരോപണം തള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ മനോജ് കുമാര്‍ അഗര്‍വാള്‍ രംഗത്തെത്തി. രോഗം ബാധിച്ച് ഒരു പശു മാത്രമാണ് ചത്തതെന്നും ചൊവ്വാഴ്ച വാക്‌സിനേഷന് ശേഷം ചില പശുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും അദ്ദേഹം പറഞ്ഞു.

ഗോശാല മാനേജ്‌മെന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് ഹര്‍ഷിത മാത്തൂര്‍ പറഞ്ഞു. ഗോശാലയിലെ പശുക്കളുടെ രേഖകള്‍, മരിച്ചവയുടെ എണ്ണം, കാലിത്തീറ്റയുടെ ലഭ്യത, മറ്റ് സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.

webdesk13: