ന്യൂഡല്‍ഹി: ഇരുപത് ജവാന്മാരുടെ ജീവന്‍ ബലിയര്‍പ്പിച്ച അതിര്‍ത്തി വിഷയത്തില്‍ ചൈനയുടെ പേരുപോലും പറയാന്‍ മടിക്കുന്ന മോദി സര്‍ക്കാറിനെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും വീര്യത്തിലും പ്രധാനമന്ത്രി വിശ്വസിക്കുന്നില്ലെന്നും ചൈന വിഷയത്തില്‍ അവരുടെ ഭീരുത്വമാണ് വ്യക്തമാവുന്നതെന്നും തുറന്നടിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ഭീരുത്വം ചൈനയെ ‘നമ്മുടെ ഭൂമി ഏറ്റെടുക്കാന്‍’ അനുവദിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ നുണകള്‍ ചൈന ഭൂമി നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും വീര്യത്തിലും എല്ലാവരും വിശ്വസിക്കുന്നു.
പ്രധാനമന്ത്രിയൊഴികെ:
ആരുടെ ഭീരുത്വമാണോ നമ്മുടെ ഭൂമി ഏറ്റെടുക്കാന്‍ ചൈനയെ അനുവദിച്ചത്.
ആരുടെ നുണകളാണോ അവരത് നിലനിര്‍ത്തുന്നത് ഉറപ്പാക്കുന്നത്., രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
സ്വാതന്ത്ര്യദിന പ്രസംഗത്തിലും ചൈനയുടെ പേര് പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ ആക്ഷേപം.
ചൈനയുമായുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍ സംബന്ധിച്ചും അതിര്‍ത്തിയിലെ നിജസ്ഥിതിയെ കുറിച്ചും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ പലതവണ ചോദ്യം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ സത്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ തുറന്നടിച്ചിരുന്നു. ചൈനീസ് ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി നുണ പറഞ്ഞുവെന്നും സൈനികരെ അപമാനിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതാണ്.
ഇന്നലെ മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ വ്യക്താവ് രണ്‍ദീപ് സിങ്് സുര്‍ജ്ജേവാല രംഗത്തെത്തിയിരുന്നു. അധികാരത്തിലിരിക്കുന്നവര്‍ എന്തിനാണ് ചൈനയുടെ പേരു പറയാന്‍ ഭയക്കുന്നതെന്ന് സുര്‍ജ്ജേവാല ചോദിച്ചു.