X

ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷകര്‍ ദാദ്രി അന്വേഷണ ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞുകൊന്നു

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷകര്‍ നടത്തിയ അക്രമത്തില്‍ കൊല്ലപ്പെട്ടത് മുഹമ്മദ് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍. പശുക്കളെ ശരീര അവശിഷ്ടങ്ങള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്ത് തള്ളിയെന്ന് ആരോപിച്ചാണ് സംഘര്‍ഷം ഉണ്ടായത്. സയാനയിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ സുബോദ് കുമാര്‍ സിങിനെ അക്രമികള്‍ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ 25 കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അക്രമണങ്ങള്‍ തുടങ്ങിയത്. അക്രമത്തില്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ, സുബോധ് കുമാര്‍ സിങ് മുഹമ്മദ് അഖ്‌ലാക്ക് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

അക്രമികളുടെ ആക്രമണങ്ങളില്‍ പരിക്കേറ്റ സുബോദിനെ ആസ്പത്രിയിലേക്ക് കൊണ്ട് പോകുന്നതിനെയും അക്രമികള്‍ തടയുകയായിരുന്നു. കല്ലേറ് തുടങ്ങിയതോടെ വാഹനത്തിലുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സുബോധിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ഡ്രൈവര്‍ പറയുന്നു.

അഖ്‌ലാഖ് കേസിന്റെ തുടക്കത്തിലാണ് സുബോദ് കുമാര്‍ സിങ് കേസന്വേഷിച്ചിരുന്നത്. ലാബിലേക്ക് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മാംസം പരിശോധനകള്‍ക്കായി അയച്ചതും തുടര്‍ന്ന് കേസില്‍ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തതും സുബോദ് കുമാറാണ്. പിന്നീട് കേസന്വേഷണം പുരോഗമിക്കവെയാണ് സുബോദ് കുമാര്‍ സിങിനെ വാരണാസിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

ബീഫ് കൈവശം വെച്ചുവെന്നാരോപിച്ചാണ് 2015 സെപ്തംബറിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട ആക്രമണത്തിലൂടെ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്.

chandrika: