ലക്‌നൗ: ബീഹാറില്‍ പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് മധ്യവയസ്‌കന് ക്രൂരമര്‍ദ്ദനം. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ബീഹാറിലെ ദാന്‍കൗളില്‍ മുഹമ്മദ് ഇസ്‌തേഖര്‍(48) എന്നയാള്‍ക്ക് ഒരു കൂട്ടം ആളുകളുടെ മര്‍ദ്ദനമേറ്റത്. അതീവ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇസ്‌തേഖര്‍ സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അക്രമികള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാവാത്ത പൊലീസ് മുഹമ്മദ് ഇസ്‌തേഖറിനെതിരെ കേസെടുക്കുകയായിരുന്നു.
മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഇസ്‌തേഖര്‍ ഇറച്ചി വാങ്ങുന്നതിനായി പോയത്. തുടര്‍ന്ന് ഇറച്ചിയുമായി സൈക്കിളില്‍ വരുമ്പോഴാണ് ആലാപ്പൂരില്‍വെച്ച് ഒരു സംഘമാളുകള്‍ വളയുന്നത്. പശുവിറച്ചിയാണ് കൈവശം വെച്ചതെന്നാരോപിച്ച് ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് 5000 രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കയ്യില്‍ പണമില്ലെന്ന് പറഞ്ഞ മുഹമ്മദ് ഇസ്തിഖാറിനെ വീണ്ടും മര്‍ദ്ദിച്ചുവെങ്കിലും നാട്ടുകാര്‍ ഇടപെട്ട് ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
സംഭവത്തില്‍ തിരിച്ചറിഞ്ഞ നാലുപേര്‍ക്കെതിരെ ഇസ്തിഖേര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം ഇരക്കെതികെയാണ് പൊലീസ്് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ കയ്യില്‍ നിന്നും പിടിച്ചെടുത്ത മാംസം പരിശോധനക്കും അയച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥനായ സുമന്‍ ചൗധരി പറഞ്ഞു.
കൈവശമുണ്ടായിരുന്നത് പശുവിറച്ചി അല്ലെന്ന് വ്യക്താമാക്കി ഇസ്തിഖേറിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ദേവ ചൗധരി, ദേവ്‌ന രംഗനാഥ് ചൗധരി, രാഹുല്‍ ചൗധരി, ചോട്ടു ചൗധരി, ഗഞ്ചന്‍ ശര്‍മ്മ എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് മുഹമ്മദ് ഇസ്തിഖേര്‍ പറഞ്ഞു.
ഇതേദിവസം തന്നെ, പശു മോഷണം ആരോപിച്ച് ബീഹാറില്‍ അറാറിയ ജില്ലയില്‍ ഒരാളെ തല്ലിക്കൊന്നിരുന്നു. ഡാക് ഹാരിപൂര്‍ ഗ്രാമത്തിലാണ് സംഭവം. മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്. അദ്ദേഹവും മറ്റുരണ്ടുപേരും ചേര്‍ന്ന് കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടുകയും പിന്നീട് യാദവിനെ തല്ലിക്കൊല്ലുകയുമായിരുന്നെന്ന് റോബേര്‍ട്ട്‌സ്ഗഞ്ചിലെ എസ്.എച്ച്.ഒ ശിവ് ശരണ്‍ സാ പറഞ്ഞു.
കൊല്ലപ്പെട്ടയാള്‍ നേരത്തെയും കാലിമോഷണ ആരോപണം നേരിട്ടുണ്ടെന്നും എസ്.എച്ച്.ഒ പറയുന്നു. ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും എസ്.എച്ച്.ഒ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അറാറിയയില്‍ ഒരാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. സിമര്‍ബാനി ഗ്രാമത്തിലായിരുന്നു സംഭവം.മുഹമ്മദ് കാബൂള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ തൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു.