തിരുവനന്തപുരം: കന്നുകാലി വില്‍പനയും കശാപ്പും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാമെന്ന വനം- പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്റെ നിലപാട് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധം വിജയം കാണുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. രാജ്യത്തൊട്ടാകെ ശക്തമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും കേരളമാണ് ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചത്.
കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിക്ക് കത്തയക്കുകയും എം.പിമാര്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കശാപ്പിനോ ബീഫ് കഴിക്കുന്നതിനോ വിജ്ഞാപനത്തില്‍ നിയന്ത്രണമില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ മനംമാറ്റം കേരളം ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ ആദ്യഘട്ടം വിജയം കണ്ടതിന്റെ സൂചനയാണ്. വിജ്ഞാപനം സംബന്ധിച്ച് ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കാന്‍ തയാറാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
വിജ്ഞാപനത്തില്‍ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ഉത്തരവില്‍ ആവശ്യമെങ്കില്‍ ഭേദഗതി വരുത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ കേന്ദ്രവുമായി തുറന്ന ചര്‍ച്ചക്ക് സാഹചര്യം ഒരുങ്ങിയതായി കരുതപ്പെടുന്നു. സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് ഇത്തരമൊരു വിജ്ഞാപനം പുറത്തിറക്കിയത്. രാജ്യത്തെയാകെ ബാധിക്കുന്ന ഏതൊരു വിഷയവും എല്ലാ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്നിരിക്കെയാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാതെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.
അതേസമയം കേരളം നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികളില്‍ മാറ്റമില്ല. വ്യാഴാഴ്ച നിയമസഭാ സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കും. വിജ്ഞാപനം മറികടക്കാനുള്ള നിയമനിര്‍മാണം സംബന്ധിച്ചും നിയമസഭ ചര്‍ച്ച ചെയ്യും. വിജ്ഞാപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്തുതന്നെയായാലും ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും മാംസാഹാരം ഭക്ഷിക്കുന്നവര്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് കേരളം മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപന പ്രകാരം കാര്‍ഷിക ആവശ്യത്തിനല്ലാതെ കന്നുകാലികളെ വില്‍ക്കാന്‍ പാടില്ല, കാലിയെ വാങ്ങിയാല്‍ ആറുമാസം വരെ കൈമാറ്റം ചെയ്യരുത് തുടങ്ങിയ നിബന്ധനകളാണുള്ളത്. ഇത് കേരളത്തിലെ സാഹചര്യത്തില്‍ അംഗീകരിക്കാവുന്ന നിര്‍ദേശമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര വിജ്ഞാപനത്തിന്റെ ചുവടുപിടിച്ച് സംഘപരിവാര്‍ സംഘടനകള്‍ കാലികളെ കൊണ്ടുവന്ന വാഹനങ്ങള്‍ തടയുകയും പലയിടത്തും അക്രമം നടത്തുകയും ചെയ്തുവരികയാണ്. ഇതെല്ലാം നിയമപരമായി മറികടക്കാനുള്ള ശാശ്വതമായ മാര്‍ഗമാണ് കേരളം ആലോചിക്കുന്നത്. കാലിവളര്‍ത്തും കശാപ്പും അടക്കമുള്ളവ സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്താന്‍ അവകാശമില്ലെന്നും നിയമവിദഗ്ധര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.