X

കന്നുകാലി വില്‍പ്പന നിരോധനം: കേന്ദ്രം നടത്തുന്നത് ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും എതിരായ നിഴല്‍യുദ്ധം

ന്യൂഡല്‍ഹി: മൃഗസംരക്ഷണത്തിന്റെ പട്ടില്‍ പുതഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കാലിവില്‍പ്പന നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. ഇറച്ചി വില്‍പ്പനയെ മാത്രമല്ല, അനുബന്ധമായ ഒട്ടേറെ വ്യവസായ മേഖലകളേയും നടപടി ഗുരുതരമായി ബാധിക്കും. ഗോവധത്തെ മാത്രമാണ് ഇത്രകാലവും സംഘ്പരിവാര്‍ എതിര്‍ത്തുവന്നത്. അതില്‍നിന്നു മാറി കന്നുകാലികളെ കശാപ്പു ചെയ്യുന്നത് പൂര്‍ണമായി നിരോധിക്കാനുള്ള നീക്കത്തിനു പിന്നില്‍, ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ദളിതരേയും മുസ്്‌ലിംകളെയും സാമ്പത്തികമായി തകര്‍ക്കുക എന്ന ലക്ഷ്യമാണുള്ളത്. പുതിയ ഉത്തരവ് പ്രകാരം പശു, കാള, പോത്ത്, ഒട്ടകം എന്നിവയെ കശാപ്പിനു വേണ്ടി വില്‍ക്കുന്നത് നിയമവിരുദ്ധമായി മാറും.

ഒരു ലക്ഷം കോടി രൂപയുടെ ഇറച്ചി വ്യാപാരമാണ് പ്രതിവര്‍ഷം രാജ്യത്ത് നടക്കുന്നത്. ഇതില്‍ 23,303 കോടി രൂപ ഇറച്ചി കയറ്റുമതിയില്‍നിന്നാണ്. സര്‍ക്കാര്‍ തീരുമാനം നടപ്പാകുന്നതോടെ ഇവ പൂര്‍ണമായി നിലയ്ക്കും.
കന്നുകാലി എന്ന വാക്കിന്റെ പരിധിയില്‍ കാളകളും വരുമെന്നും അതിനാല്‍ സര്‍ക്കാര്‍ തീരുമാനം ഈ മേഖലയെ തകര്‍ക്കുമെന്നും ആള്‍ ഇന്ത്യാ മീറ്റ് ആന്റ് ലൈവ്‌സ്‌റ്റോക്ക് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഡി.ബി സബര്‍വാള്‍ പറഞ്ഞു.
രാജ്യത്തെ ഇറച്ചി വില്‍പ്പന ശാലകള്‍ക്ക് ആവശ്യമുള്ളതില്‍ 10 ശതമാനം കാലികളെ മാത്രമാണ് കര്‍ഷകരില്‍നിന്ന് നേരിട്ട് ലഭിക്കുന്നത്. ശേഷിക്കുന്നവ കാലിച്ചന്തകള്‍ വഴിയാണ് വരുന്നത്. കാലികളെ വളര്‍ത്താന്‍ ഏറ്റവും ചുരുങ്ങിയത് 60 മുതല്‍ 80 രൂപ വരെ കര്‍ഷകന് പ്രതിദിനം ചെലവ് വരുന്നുണ്ട്. പാല്‍ ഉത്പാദനം മാത്രം ലക്ഷ്യമിട്ട് കാലികളെ വളര്‍ത്തിയാല്‍ കര്‍ഷകന് മുന്നോട്ടു പോകാനാവില്ല. കറവ വറ്റുന്ന പശുക്കളെ ഇറച്ചി ആവശ്യത്തിന് വില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് അതിജീവിക്കാനാവൂ- സബര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് ആണ് രാജ്യത്തെ ഏറ്റവും വലിയ കന്നുകാലി വളര്‍ത്തല്‍ സംസ്ഥാനം. ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, തെലുങ്കാന എന്നിവയാണ് കന്നുകാലി വളര്‍ത്തല്‍ പ്രധാന മേഖലയായി കാണുന്ന മറ്റ് സംസ്ഥാനങ്ങള്‍. കശാപ്പുശാലകള്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തുടങ്ങിവെച്ച നീക്കം യു.പിയിലെ കന്നുകാലി കര്‍ഷകരെ ഇതിനകം തന്നെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും പുതിയ നിര്‍ദേശം കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുമെന്നും സബര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
ഇറച്ചി വില്‍പ്പന തൊഴില്‍ മാര്‍ഗമായി സ്വീകരിച്ചവരില്‍ ഭൂരിഭാഗവും മുസ്്‌ലിംകള്‍ ആണ്. അതേസമയം കാലി വളര്‍ത്തലിനെ വരുമാനമാര്‍ഗമായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ദലിത് കുടുംബങ്ങളാണ്. മാത്രമല്ല, കാലികളുടെ തോല്‍ ഉപയോഗിച്ചുള്ള ലെതര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങള്‍ രാജ്യത്തുണ്ട്. ഇവിടെ തൊഴില്‍ നോക്കുന്നവരില്‍ നല്ലൊരു ഭാഗവും ദലിതുകളാണ്. സര്‍ക്കാര്‍ നീക്കത്തോടെ ഇവക്കെല്ലാം താഴു വീഴുകയും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ കൂടുതല്‍ ദുരിതമയമായി മാറുകയും ചെയ്യും.

chandrika: