X

ഹരിയാനയില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് പ്ലസ്ടു വിദ്യാര്‍ഥിയെ ഗോരക്ഷാഗുണ്ടകള്‍ വെടിവെച്ചു കൊന്നു

ഹരിയാനയില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് പ്ലസ്ടു വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്നു. ഫരീദാബാദ് സ്വദേശിയായ ആര്യന്‍ മിശ്ര (19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗോരക്ഷാഗുണ്ടകളായ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 23 നാണ് സംഭവം നടക്കുന്നത്. ആര്യനും 4 സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തെ 25 കിലോമീറ്റര്‍ പിന്തുടര്‍ന്ന ശേഷമാണ് അക്രമികള്‍ വെടിവെച്ച് കൊന്നത്. 23 ന് രാത്രി സുഹൃത്തുക്കളായ ഹര്‍ഷിത്, ഷാങ്കി, രണ്ട് പെണ്‍കുട്ടികള്‍ എന്നിവര്‍ക്കൊപ്പം ഡസ്റ്റര്‍ കാറില്‍ ന്യൂഡില്‍സ് കഴിക്കാനിറങ്ങിയപ്പോഴാണ് അക്രമണം.

ഡസ്റ്റര്‍, ഫോര്‍ച്യൂണര്‍ തുടങ്ങിയ എസ്.യുവി വാഹനങ്ങളില്‍ പശുക്കടത്ത് നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഗോരക്ഷാഗുണ്ടകള്‍ തിരച്ചിലിനിറങ്ങിയത്. അതിനിടയിലാണ് ആര്യനും സുഹൃത്തുക്കളും സഞ്ചരിക്കുന്ന വാഹനത്തിന് അക്രമി സംഘം കൈകാണിക്കുന്നത്. അക്രമികളെ കണ്ട് ഭയന്ന വിദ്യാര്‍ഥികള്‍ വാഹനം നിര്‍ത്തിയില്ല. ഹര്‍ഷിത് ആയിരുന്നു വാഹനമോടിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഷാങ്കിയുമായി തര്‍ക്കമുണ്ടായവരാണ് അക്രമികളെന്ന് ഭയന്നാണ് വാഹനം നിര്‍ത്താതിരുന്നത്.

എന്നാല്‍ ഗോരക്ഷാഗുണ്ടകള്‍ ഇവരെ പിന്തുടരുകയായിരുന്നു. 25 കിലോമീറ്റോളം പിന്തുടര്‍ന്ന അക്രമികള്‍ വിദ്യാര്‍ഥികളുടെ വാഹനത്തിലേക്ക് വെടിവെക്കുകയായിരുന്നു. പിന്‍വശത്തെ ഗ്ലാസ് തകര്‍ത്തെത്തിയ വെടിയുണ്ട ആര്യന്റെ ശരീരത്തില്‍ കൊണ്ടു. ആര്യന് വെടികൊണ്ടതിന് പിന്നാലെ ഹര്‍ഷിത് വാഹനം നിര്‍ത്തിയെങ്കിലും അക്രമികള്‍ ആര്യന്റെ നെഞ്ചിന് നേരെ വെടിയുതിര്‍ത്തു. ഇതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

കാറില്‍ സ്ത്രീകളെ കണ്ടതോടെയാണ് ആളുമാറിയെന്ന് തിരിച്ചറിഞ്ഞ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേശ്, സൗരവ് എന്നിവരെ ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കനാലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അനിലിന്റെ വീട്ടില്‍ നിന്ന് തോക്ക് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

webdesk13: