റാഞ്ചി: ഉത്തരേന്ത്യയില്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണം വീണ്ടും. ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയിലാണ് അനധികൃതമായി പോത്തിനെ കടത്തിയെന്ന സംശയത്തിന്റെ പേരില്‍ രണ്ട് മുസ്്‌ലിം യുവാക്കള്‍ക്ക് ഗോരക്ഷാ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനമേറ്റത്.
ദുള്ളു സ്വദേശികളായ സിറാബുദ്ദീന്‍ അന്‍സാരി (35), മുര്‍ത്തസ അന്‍സാരി (30) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മുന്‍ഷി മുര്‍മു എന്നയാളുടെ ഒരു ഡസനോളം പോത്തുകളെ ഇരുവരും കടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം.
നേരത്തെ ഗ്രാമത്തില്‍ നിന്നും കാണാതായ പോത്തുകള്‍ ഇവരുടെ വാഹനത്തില്‍ കണ്ടെത്തിയെന്നാരോപിച്ചാണ് ആക്രമണം നടന്നതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് രാജീവ് കുമാര്‍ സിങ് അറിയിച്ചുയ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മുന്‍ഷി മുര്‍മു, കലേശ്വര്‍ സോറന്‍, കിശന്‍ തുഡു, ഹാരോജന്‍ കിസ്‌കു എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മര്‍ദ്ദനമേറ്റ ഇരുവര്‍ക്കുമെതിരെ നേരത്തെ കന്നുകാലികളെ കടത്തിയതിന് കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.
മര്‍ദ്ദനമേറ്റ യുവാക്കളുടെ പരാതിയിലും കാലികളെ കടത്തിയെന്ന മുര്‍മുവിന്റെ പരാതിയിലും പൊലീസ് കേസേടുത്തിട്ടുണ്ട്. നേരത്തെ പശു ഇറച്ചി കടത്തിയെന്നാരോപിച്ച് വ്യാപാരിയായ അലീമുദ്ദീന്‍ അന്‍സാരിയെ തല്ലിക്കൊന്ന കേസില്‍ റാഞ്ചി കോടതി 11 പേരെ ജീവപര്യന്തത്തിന് ശിക്ഷിച്ച് മൂന്നു മാസത്തിന് ശേഷമാണ് പുതിയ സംഭവം ജാര്‍ഖണ്ഡില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
അലീമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചവരില്‍ ബി.ജെ.പി രാംഗഡ് ജില്ലാ നേതാവുള്‍പ്പെടെ മുഴുവന്‍ പ്രതികളും ഗോ രക്ഷാ പ്രവര്‍ത്തകരാണ്.