X

2012നു ശേഷം നടന്നത് 88 ഗോരക്ഷാ ആക്രമണങ്ങള്‍ 86 എണ്ണവും ബി.ജെ.പി ഭരണത്തില്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് പശുവിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കൃത്യമായ വിവരം സൂക്ഷിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പശുവിന്റെയും മറ്റും പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അനുവദിക്കാനാവില്ലെന്നും ഇത്തരം ചെയ്തികള്‍ നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടു വരണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ വിവരം ശേഖരിക്കുന്നില്ലെങ്കിലും ഇന്ത്യാ സ്‌പെന്‍ഡ്‌സിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് 2012 മുതല്‍ പശുവിന്റെ പേരില്‍ 88 ആക്രമണങ്ങളാണ് നടന്നത്. ഇതില്‍ 86 എണ്ണവും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. 2012ന് ശേഷം ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തില്‍ 33 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഇത്തരം അക്രമങ്ങളില്‍ സാരമായി പരിക്കേറ്റവര്‍ 188 ഉം, ചെറിയ പരിക്കുകള്‍ പറ്റിയവര്‍ 81 പേരുമാണ്. മൊത്തം 288 പേര്‍ക്കാണ് പശു ഭീകരതയുടെ പേരില്‍ പരിക്കേറ്റത്. ഇതില്‍ 37 എണ്ണം 2017ലാണ് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തെലുങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ പശു ഭീകരതയുടെ പേരില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 2017ല്‍ രാജ്യത്ത് 11 മുസ്്‌ലിംകള്‍ക്കാണ് പശു ഭീകരതയുടെ പേരില്‍ ജീവന്‍ നഷ്ടമായത്. 2012, 2013 വര്‍ഷങ്ങളില്‍ ഓരോ സംഭവങ്ങള്‍ മാത്രമാണ് ഗോരക്ഷാ ഗുണ്ടായിസത്തിന്റെ പേരില്‍ റിപ്പോര്‍്ട്ട് ചെയ്യപ്പെട്ടത്. പശു ഭീകരതയില്‍ കൊല്ലപ്പെട്ടവരില്‍ 56 ശതമാനം പേര്‍ മുസ്്‌ലിംകളും 11 ശതമാനം പേര്‍ ദളിതുകളും ഒമ്പത് ശതമാനം മറ്റു ഹിന്ദുക്കളുമാണ്. ഗോരക്ഷാ ഗുണ്ടാ ആക്രമണങ്ങളില്‍ 47 എണ്ണം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 10 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശുവിന്റെ പേരിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഉത്തരേന്ത്യയിലാണ്. ബി.ജെ.പി ഭരിക്കുന്ന ഹരിയാന, യു.പി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

chandrika: