X
    Categories: MoreViews

രാജ്യത്ത് കന്നുകാലികളുടെ അറവ് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍; ഉത്തരവില്‍ അവ്യക്തത

ന്യൂഡല്‍ഹി: രാജ്യത്ത് കന്നുകാലികളെ അറക്കുന്നത് പൂര്‍ണമായും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്. പശു, കാള, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

കന്നുകാലികളുടെ വില്‍പനക്കും കേന്ദ്രം കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി. കാര്‍ഷിക ആവശ്യത്തിനു മാത്രമായിരിക്കണം കാലികളുടെ വില്‍പന. വിപണനകേന്ദ്രങ്ങളില്‍ നിന്ന് കാലികളെ വാങ്ങുമ്പോള്‍ കശാപ്പ് ചെയ്യില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവില്‍ പറയുന്നു. സംസ്ഥാനാന്തര വില്‍പനയും നിരോധിച്ചിട്ടുണ്ട്.

സംസ്ഥാന അതിര്‍ത്തികളില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മാത്രമേ വില്‍പനകേന്ദ്രങ്ങള്‍ സ്ഥാപിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. കാലികളെ ബലി നല്‍കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം മന്ത്രാലയത്തിന്റെ ഉത്തരവ് അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്ന് പരക്കെ ആക്ഷേപമയുരുന്നുണ്ട്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണ് പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഗോസംരക്ഷണ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാംസ വ്യാപാരികള്‍ക്കു നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് പുതിയ നടപടി.

chandrika: