X

പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവം: ‘കുട്ടികളുടെ വേദന വളരെ വലുതാണ്, ഞാനും കർഷകനാണ് എനിക്കത് ഉൾക്കൊള്ളാൻ കഴിയും’: ജയറാം

ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കർഷകരായ മാത്യുവിന്റെയും ജോർജിന്റെയും 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പ്രതികരിച്ച് നടൻ ജയറാം. കഴിഞ്ഞ 20 വർഷത്തിന് മുകളിലായി പശുക്കളെ വളർത്തി ഫാം നടത്തുന്നയാളാണ് ഞാൻ. ഈ കുട്ടികൾക്കുണ്ടായ അതേ അവസ്ഥയാണ് ഒരു 20 വർഷങ്ങൾക്ക് മുൻപ് എന്റെ ഫാമിലും ഉണ്ടായത്. ഏകദേശം ആറ് വർഷം മുൻപ് 22-ഓളം പശുക്കളാണ് നിമിഷ നേരം കൊണ്ട് ചത്തുവീണത്. ഇപ്പോഴും അതിന്റെ കാരണം വ്യക്തമല്ല. സർക്കാരിന്റെ സഹായത്തിൽ പല ലാബുകളിൽ പരിശോധന നടത്തുകയും സാംപിൾ എടുക്കുകയുമൊക്കെ ചെയ്തു. വിഷം ബാധിച്ചാണ് എന്ന് മാത്രമാണ് പറഞ്ഞത്. എന്നാൽ ഏത് വിഷമാണ്, ഏത് ഇലയിൽ നിന്നാണ് എന്ന് കണ്ടുപിടിക്കാൻ കഴിയുന്നില്ലായിരുന്നു, ജയറാം മാധ്യമങ്ങളോട്‌
പറഞ്ഞു.

ഈ കുഞ്ഞുങ്ങള്‍ക്ക് പറ്റിയിട്ടുള്ളതും അതുതന്നെയാണ്. അവര്‍ പറയുന്നത് കപ്പത്തണ്ടില്‍ ഉണ്ടായ സൈനൈഡിന്റെ അംശമാണെന്നാണ്. അതേസമയം, ഞാന്‍ എന്റെ വീട്ടില്‍ നട്ടു വളര്‍ത്തുന്ന പുല്ലാണ് പശുക്കള്‍ക്ക് കൊടുത്തിരുന്നത്. ഞാനും എന്റെ ഭാര്യയും കൂടി ഇരുന്ന് കരഞ്ഞത് എത്ര നേരമാണ്. അപ്പോള്‍ ഈ കുഞ്ഞുങ്ങള്‍ അനുഭവിച്ച വേദനയും മനസിലാക്കാം.

എനിക്ക് എന്റെ മക്കളെ പോലെയാണ് പശുക്കളും. ബാംഗ്ലൂരിലും കൃഷ്ണഗിരിയിലും ധര്‍മ്മപുരിയിലും ഒരോ വീട്ടിലും കയറിയിറങ്ങി കഴിഞ്ഞ 18 വര്‍ഷമായി ഞാന്‍ വാങ്ങിയ പശുക്കളാണ്. അതിനോരോന്നിനും പേരിട്ടിരിക്കുന്നത് എന്റെ മക്കളാണ്. അപ്പോള്‍ അവ നഷ്ടപ്പെടുമ്പോളുണ്ടാകുന്ന വേദന ഒരിക്കലും പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല.

കുട്ടികള്‍ക്ക് ധനസഹായം ബാങ്ക് അക്കൗണ്ടിലിട്ടു കൊടുത്താല്‍ മതി. പക്ഷെ നേരിട്ട് കുട്ടികളെ സാമാധാനിപ്പിക്കണം. കാരണം എനിക്കുണ്ടായ വേദന അവര്‍ അനുഭവിക്കുമ്പോള്‍ അവരെ ഒന്ന് സമാധാനിപ്പിക്കുകയും ഒരു തുക അവര്‍ക്ക് കൈമാറാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷെ കൂടുതല്‍ സഹായം അവര്‍ക്ക് ലഭിക്കുകയും നാളെ ആ കുട്ടികള്‍ക്ക് നൂറ് പശുക്കളുള്ള ഒരു തൊഴുത്ത് അവര്‍ക്ക് നിര്‍മ്മിക്കാന്‍ സാധിക്കും. എബ്രഹം ഓസ്ലര്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് തന്നെ മാറ്റിവെച്ചാണ് ആ തുക കുട്ടികള്‍ക്കായി നല്‍കുന്നതെന്ന് ജയറാം പറഞ്ഞു.

 

 

webdesk14: