തിരുവനന്തപുരം: മാടുകളെ അറക്കുന്നത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷിയോഗം ചേരാനാണ് പിണറായി സര്‍ക്കാര്‍ ആലോചിക്കുന്നത് ഇതിനായി മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.രാജു ഇന്ന് മുഖ്യമന്ത്രിയെ കാണും. നിയനിര്‍മാണം അടക്കം കാര്യങ്ങള്‍ ആലോചിക്കാനാണ് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നത്. ഭക്ഷണസ്വാതന്ത്ര്യത്തിലുള്ള കേന്ദ്ര ഇടപെടല്‍ മറികടക്കാന്‍ എല്ലാ കക്ഷികളോടും നിയമവശങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് നീക്കം.
ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. വിജ്ഞാപനം പിന്‍വലിക്കാത്തപക്ഷം നടപ്പാക്കാന്‍ സാധിക്കാത്ത ഉത്തരവായി ഇതു മാറുമെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തിന്റെ ഭക്ഷണക്രമം ഡല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ തീരുമാനിക്കേണ്ട ഒന്നല്ലയെന്നും ആരു വിചാരിച്ചാലും ഭക്ഷണ സംസ്‌കാരം മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിരുന്നു. കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു.